ലഹരിയില്‍ വാഹനമോടിച്ച്‌ ഇടിച്ചുതെറിപ്പിച്ചു; സിനിമ-സീരിയല്‍ നടിയും സുഹൃത്തും കസ്റ്റഡിയില്‍

 


കൊച്ചി: അമിതലഹരിയില്‍ വാഹനമോടിച്ച്‌ മറ്റ് വാഹനങ്ങളെ ഇടിച്ചതില്‍ സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍.

നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. വെട്ടിച്ചെടുത്ത് രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നീട് വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു നടിയുടേയും സുഹൃത്തിന്റേയും ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. ആളുകള്‍ കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post