തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. വിവിധ ഇടങ്ങളിലായി നിരവധി ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇവരുടെ വലയില്‍ വീഴുന്നത്.
പരാതികള്‍ വ്യാപകമായതോടെ വില്‍പ്പനക്കാര്‍ക്ക് ലോട്ടറി വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.
ഭാഗ്യക്കുറി വിറ്റ് അന്നന്നത്തെ അന്നത്തിന് വകയുണ്ടാക്കുന്ന സാധാരണക്കാരെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഉന്നംവയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഭിന്നശേഷിക്കാരായ കച്ചവടക്കാരും പ്രായമായവരുമാണ് തട്ടിപ്പിനിരയവരിലധികവും.
ദിവസവും സമ്മാനം അടിക്കുന്ന ടിക്കറ്റുകളുടെ നമ്ബറുകള്‍ ശേഖരിക്കും. തട്ടിപ്പ് സംഘം മുന്‍കൂട്ടി എടുക്കുന്ന ലോട്ടറി ടിക്കറ്റുകളില്‍ സമ്മാനര്‍ഹമായ നമ്ബറിനോട് സാമ്യതയുള്ളതില്‍ തിരുത്ത് വരുത്തി കളര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കും. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഏജന്‍സികളുടെ വ്യാജ സീലുണ്ടാക്കി ഫോട്ടോസ്റ്റാറ്റ് ടിക്കറ്റില്‍ പതിപ്പിക്കും. ഈ ടിക്കറ്റുകളാണ് വഴിയോരത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി സമ്മാനതുക മാറിയെടുക്കുന്നത്. അഞ്ഞൂറ് മുതല്‍ അയ്യായിരം രൂപ വരെ സമ്മാനമടിക്കുന്ന ടിക്കറ്റുകളാണ് കൃത്രിമമായുണ്ടാക്കുന്നത്.
ടിക്കറ്റുകള്‍ സ്കാന്‍ ചെയ്തു നോക്കിയാലും ഫോട്ടോസ്റ്റാറ്റാണെന്ന് മനസിലാകില്ല. ലോട്ടറി വകുപ്പിന്റെ ഓഫീസിലെത്തുമ്ബോള്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം കച്ചവടക്കാര്‍ അറിയുക. ലോട്ടറിയിലുള്ള സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് കച്ചവടക്കാര്‍ ബോധവാന്മാരായിരിക്കണമെന്നും ഇവ കൃത്യമായി പരിശോധന നടത്തിയിട്ട് മാത്രമെ സമ്മാനത്തുക നല്‍കാവൂ എന്നുമാണ് ലോട്ടറി വകുപ്പ് പറയുന്നത്.

Post a Comment