സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വർഷം ഓണക്കിറ്റിൽ 14 ഇനങ്ങൾ ഉൾപ്പെടുത്തും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉൾപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വർഷവും ഓണക്കിറ്റ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കൊവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.
കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണം.
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തെ തടയാനുള്ള ശ്രമമാണിത്. വിലവർധനയ്ക്ക് കാരണമാകുന്ന ജിഎസ്ടി നിരക്ക് വർധന പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർധനയ്ക്കും സർക്കാർ എതിരാണ്. ഈ ജിഎസ്ടി നിരക്ക് വർധന സംബന്ധിച്ച കമ്മിറ്റികളിൽ കേരളം വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു.
പലതരം പ്രയാസങ്ങൾ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണ്.
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.
ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികൾ നടക്കണം. 15 ലെ പണികൾ പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനത്തിൽ അലംഭാവം കാട്ടി. അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാൽ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സർക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രിൽ 20 ന് നടന്ന യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറയ്ക്കാൻ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സർവകക്ഷി യോഗം ചേർന്നത്. അതിൽ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാർത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.

Post a Comment