രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ ഉദയഗിരിക്ക് അനുകൂല സാഹചര്യം:തോമസ് ഐസക്

 


ആലക്കോട്: ഇന്ത്യയില്‍ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് ആകുവാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഉദയഗിരി ഗ്രാമപഞ്ചായത്തിനുള്ളതെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്ബത്തിക വിദഗ്ധനുമായ ഡോ.തോമസ് ഐസക് പറഞ്ഞു.

കാര്‍ത്തികപുരത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഉദയഗിരി ഗ്രാമപഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ വാഹന സഞ്ചാരം, വനമേഖലയുടെ സാമീപ്യം, വ്യവസായ സ്ഥാപനങ്ങള്‍ കുറവ്, കുറഞ്ഞ ജനസാന്ദ്രത എന്നിവയൊക്കെ ഉദയഗിരിയുടെ അനുകൂല ഘടകങ്ങളാണ്. ഇന്ത്യയില്‍ ആദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന പദ്ധതിയുമായി മുന്നോട്ടുവന്ന മീനങ്ങാടിയില്‍ പത്തു കോടി ചെലവഴിച്ചെങ്കിലും ഫലം കണ്ടില്ല. വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണവും പ്രോത്സാഹനവും നല്‍കണം.

എല്ലാ വീടുകളിലും കമ്ബോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കണം.കഴിയുന്നത്ര മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. 42000 ടണ്‍ കാര്‍ബണ്‍ പഞ്ചായത്തില്‍ ബഹിര്‍ഗമിക്കുന്നതായാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 20000 ടണ്‍ കാര്‍ബണ്‍ മരങ്ങളും മണ്ണും ജലാശയങ്ങളിലെ സൂക്ഷ്മാണുക്കളും ആഗിരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ള 22000 ടണ്‍ കാര്‍ബണ്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് നട്ടുപരിപാലിക്കുന്ന പുഴയിലെ പച്ചത്തുരുത്തുകളും ഡോ. തോമസ് ഐസക് സന്ദര്‍ശിച്ചു.

ചടങ്ങില്‍ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദയഗിരി കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്‌ട് നോഡല്‍ ഓഫീസര്‍ ഡോ.പ്രൊഫ. മനോജ് കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.പ്രൊഫ.ജോബി കെ.ജോസ് ഡി.പി.ആര്‍. കൈമാറി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.കെ.രത്നകുമാരി ഡി.പി.ആര്‍ പ്രകാശനം നടത്തി. ഹരിതകര്‍മ്മസേന യൂണിഫോം വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുരേഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേല്‍ സ്വാഗതവും സെക്രട്ടറി ബിനു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post