ബവേറിയ: വെള്ളത്തിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവ വൈദികനെ തടാകത്തിൽ കാണാതായി. സിഎസ്ടി സഭാംഗമായ ഫാ. ബിനു കൂരിക്കാട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം ജർമനിയിലെ റെഗെൻസ്ബർഗിലുള്ള തടാകത്തിൽ അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ഒരാൾ തടാകത്തിൽ മുങ്ങിത്താഴുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ ഇവർ പോലീസിനെയും അഗ്നിശമസേനയെയും വിവരം അറിയിക്കുകയായിരുന്നു.
ഇവർ സ്ഥലത്തെത്തി ചൊവ്വാഴ്ച രാത്രി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും വൈദികനെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പുനരാരംഭിച്ച തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ആലുവ സിഎസ്ടി പ്രൊവിൻസിന്‍റെ ഭാഗമാണ് ഫാ. ബിനു. ജർമനിയിലെ റെഗെൻസ്ബർഗ് രൂപതയിലാണ് കഴിഞ്ഞ പത്തുവർഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്. കോതമംഗലം രൂപതയിൽപ്പെട്ട പൈങ്ങാട്ടൂർ ഇടവകാംഗമാണ്.

Post a Comment