കണ്ണൂർ: സിപിഎം നേതാവ് ജയിംസ് മാത്യു സജീവരാഷ്‌ട്രീയം വിടുന്നു. പത്തു വർഷം തളിപ്പറന്പ് നിയോജക മണ്ഡലത്തിൽ എംഎൽഎ ആയിരുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട സജീവ രാഷ്‌ട്രീയ ജീവിതമാണ് അദ്ദേഹം ഉപേക്ഷിക്കുന്നത്. ഇതിന്‍റെ കാര്യ കാരണങ്ങൾ വിശദീകരിക്കാൻ ഇന്നു 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
ജയിംസ് മാത്യുവിന്‍റേത് പെട്ടെന്നുള്ള തീരുമാനമല്ല. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽപ്രതിനിധി ആകാതെ അദ്ദേഹം ഒഴിവായിരുന്നു. അദ്ദേഹത്തിന്‍റെ അഭ്യർഥന പ്രകാരമായിരുന്നു ഒഴിവാക്കിയിരുന്നത്. ജില്ലാ കമ്മിറ്റിയിൽ തുടരണമെന്ന നിർദേശം സിപിഎം മുന്നോട്ടു വച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.
വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയായിരുന്നു ജയിംസ് മാത്യു രാഷ്‌ട്രീയ രംഗത്തേക്കു വന്നത്. കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. സുകന്യയാണ് ജീവിതപങ്കാളി. വ്യക്തിപരമായ കാരണങ്ങളാലാണ് സജീവ രാഷ്‌ട്രീയം വിടുന്നതെന്ന് ജയിംസ് മാത്യു പറയുന്നു. അദ്ദേഹം ബിസിനസ് രംഗത്തേക്കു തിരിയുകയാണെന്നാണ് ചില കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
Post a Comment