മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരിച്ചു വിളിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനെതിരേ നടപടി. മാച്ച് ഫീയുടെ മുഴുവൻ തുകയും പന്ത് പിഴയായി നൽകണം.
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ബിസിസിഐ അറിയിച്ചു. പന്തിനെ കൂടാതെ ഷാർദുൽ ഠാക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴ ചുമത്തി.
പന്തിന്‍റെ നിർദ്ദേശപ്രകാരം പ്രതിഷേധം അറിയിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ സഹപരിശീലകൻ പ്രവീൺ ആംറെയ്ക്ക് ഒരു മത്സരത്തിൽ വിലക്കുമുണ്ട്. പന്തിന്‍റെ നടപടി മര്യാദകൾക്ക് നിരക്കാത്തതാണെന്നാണ് പൊതുവിലുള്ള വിമർശനം.
അവസാന ഓവറിൽ 36 റൺസ് വേണ്ട ഡൽഹിക്കായി ആദ്യ മൂന്ന് പന്തിലും റോവ്മാൻ പവൽ സിക്സർ പറത്തിയിരുന്നു. മൂന്നാം പന്ത് നോബോളിനായി ഡൽഹി വാദിച്ചെങ്കിലും അന്പയർ അത് അനുവദിക്കാത്തതാണ് വാക്കുതർക്കത്തിന് കാരണമായത്. തുടർന്നുള്ള മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം വഴങ്ങി മക്കോയ് രാജസ്ഥാനെ ജയത്തിലെത്തിച്ചു.
Post a Comment