ബിരുദം മാത്രമല്ല, കേന്ദ്രസര്‍വകലാശാലകളിലെ പി.ജി പ്രവേശനത്തിനും ഇനി പൊതുപരീക്ഷ

ബിരുദ കോഴ്‌സുകള്‍ക്ക് പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പൊതുപരീക്ഷയിലൂടെ പ്രവേശനം നല്‍കാനൊരുങ്ങി യുണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍. ജൂലായില്‍ ബിരുദ സി.യു.ഇ.ടി. പൂര്‍ത്തിയാകുമെന്നും അതിനുശേഷം ബിരുദാനന്തരബിരുദ കോഴ്‌സിനായുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു. 2022-23 അധ്യയന വര്‍ഷം 45 കേന്ദ്ര സര്‍വകലാശാലകളിലും സി.യു.ഇ.ടി.യിലൂടെ പ്രവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിരുദാനന്തര ബിരുദത്തിന് പല സര്‍വകലാശാലകളിലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. ബിരുദത്തിന്റെ മാര്‍ക്കാണ് ചില സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പരിഗണിക്കുന്നതെങ്കില്‍ മറ്റിടങ്ങളില്‍ പ്രവേശന പരീക്ഷയാണ് മാനദണ്ഡം. ഏകീകൃത സംവിധാനം പ്രവേശനത്തിന് ആവശ്യമാണ്. ബിരുദാനന്തര ബിരുദ പൊതുപരീക്ഷയുടെ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷത്തില്‍ രണ്ടുതവണ സി.യു.ഇ.ടി നടത്തുന്നതും യു.ജി.സി.യുടെ പരിഗണനയിലാണ്. ആദ്യ തവണത്തെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമത്തെ തവണ അവസരം നല്‍കുന്നതിനാണിത്. 45 കേന്ദ്ര സര്‍വകലാശാലകളിലുമായി 1.2 ലക്ഷം ബിരുദ സീറ്റുകളാണുള്ളത്. ഏതാനും സംസ്ഥാന -ഡീംഡ് സര്‍വകലാശാലകള്‍കൂടി സി.യു.ഇ.ടി.യുടെ ഭാഗമാകുമ്പോള്‍ ആകെ മൂന്നുലക്ഷം സീറ്റിലേക്കാകും മത്സരപരീക്ഷ.

സി.യു.ഇ.ടി. ബിരുദ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീക്കുന്നതിന് പ്രത്യേക പോര്‍ട്ടലിന് ഡല്‍ഹി സര്‍വകലാശാല രൂപം നല്‍കി. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ തേടാം. വിദഗ്ധര്‍ പോര്‍ട്ടലിലൂടെ തത്സമയം മറുപടി നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചു. 


Post a Comment

Previous Post Next Post