ശ്രീകണ്ഠപുരം: ഓണ്‍ലൈന്‍ ആപ്പ് വഴി ചുരിദാര്‍ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ.അസറുദ്ദീന് അന്‍സാരി (28) യെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എള്ളരിഞ്ഞി സ്വദേശി രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് യുവതി സിലോറി ഫാഷന്‍ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി 299 രൂപയുടെ ചുരിദാര്‍ ബുക്ക് ചെയ്തത്. ഫോണ്‍ പേ വഴി പണം അയച്ച് കൊടുത്തെങ്കിലും ചുരിദാര്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ഓണ്‍ലൈന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോള്‍ പണം ലഭിച്ചില്ലെന്നും പരിശോധനയ്ക്കായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ മെസേജ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ അയച്ചുകൊടുത്തതോടെ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായാണ് പരാതി. എസ്ബിഐ യുടെ ശ്രീകണ്ഠപുരം ബ്രാഞ്ചില്‍ നിന്നാണ് പണം പിന്‍വലിച്ചത്.
സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് അസറുദ്ദീന് അന്‍സാരിയുടെ അക്കൗണ്ടിലേക്കാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ജാര്‍ഖണ്ഡിലെത്തിയ പോലീസ് സംഘം ഇവിടെ വച്ച് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ രാത്രിയോടെ ശ്രീകണ്ഠപുരത്തെത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് ചോദ്യം ചെയ്യും. എഎസ്ഐ സജിമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവപ്രസാദ്, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post a Comment