വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേര്‍; കണക്കുകള്‍ പുറത്തുവിട്ടു കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്


തിരുവനന്തപുരം: വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്.
സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്ബ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.


കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടി ഉപയോഗിക്കുമ്ബോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റതെന്നും കെഎസ്‌ഇബി അറിയിച്ചു. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അപകടമുണ്ടായവരില്‍ 21 പേരും തല്‍ക്ഷണം മരണമടഞ്ഞു. 20 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. ഈ വര്‍ഷം ഇതുവരെ 2 പേര്‍ക്ക് പൊള്ളലേറ്റു.
വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവില്‍ നിന്നോ മാവില്‍ നിന്നോ ഫലം ശേഖരിക്കുമ്ബോഴാണ് അപകടങ്ങളില്‍ അധികവും സംഭവിക്കുന്നത്. പഴയ ദൂരദര്‍ശന്‍ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് അപകടത്തിന് കാരണാമാകുന്നത്. ലോഹനിര്‍മ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്ബോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post