നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തിലാക്കി പോലീസ്, ദിലീപിനെ വീണ്ടും ചോദ്യംചെയ്‌തേക്കും


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കി പോലീസ്. കേസിൽ പൾസർ സുനിയെയും നടൻ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. ഇതിന്റെ നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു.

തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈൽഫോൺ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. 
നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്യാനായി പോലീസ് സംഘം ആദ്യം കോടതിയിൽ അപേക്ഷ നൽകും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

Post a Comment

Previous Post Next Post