കോവിഡ് മരണം: അപേക്ഷിച്ചവരിൽ 80 ശതമാനത്തിലധികം പേർക്കും നഷ്ടപരിഹാരം നൽകിയെന്ന് കേരളം


ന്യൂഡൽഹി: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 23,652 പേരുടെ ബന്ധുക്കൾക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകിയെന്ന് കേരളം. ജനുവരി അഞ്ച് വരെ ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തു.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരി പത്തു വരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 27,274 പേരുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി. 178 അപേക്ഷകൾ സർക്കാർ നിരസിച്ചു. 891 അപേക്ഷകൾ മടക്കിയതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 
കേരളത്തിൽ കോവിഡ് നഷ്ടപരിഹാര വിതരണം പരിതാപകാരമെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഷ്ടപരിഹാര വിതരണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 
സാമൂഹിക മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറാണ് സംസ്ഥാന സർക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.

Post a Comment

Previous Post Next Post