ഇടുക്കി: സർക്കാറിന്റെ നാലാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ സമാപന പരിപാടിയില്‍ റാപ്പർ വേടൻ പാടും.
പൂർണ പിന്തുണ നല്‍കുമെന്ന് സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ പ്രഖ്യാപിച്ചതിന് പിന്നാലെ വേടന്റെ പരിപാടിക്കായി സർക്കാർ വേദി നല്‍കാൻ തീരുമാനിച്ചത്.
ഏപ്രില്‍ 29ന് ഇടുക്കിയില്‍ സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി വേടന്റെ ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ വേടനെ ഈ പരിപാടിയില്‍ നിന്ന് ഇടുക്കി ജില്ലാഭരണകൂടം ഒഴിവാക്കിയിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് ആ കേസിലും വേടന് ജാമ്യം ലഭിച്ചു. അതിനു ശേഷമാണ് സർക്കാർ നേരത്തേ റദ്ദാക്കിയ പരിപാടി മേയ് അഞ്ചിന് നടത്താൻ തീരുമാനിച്ചതും വേടനെ ക്ഷണിച്ചതും.
വാഴത്തോപ്പ് സർക്കാർ സ്കൂളില്‍ നടക്കുന്ന വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ച് വേടന്റെ ഷോ നടത്താനാണ് തീരുമാനം. നാളെ വൈകീട്ട് ഏഴുമണിക്കായിരിക്കും പരിപാടി നടക്കുക.
അതിനിടെ, വേടനെതിരായ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് പൂർണമായി ഒറ്റപ്പെടുകയാണ്. വേടനെതിരായ കേസ് വനംവകുപ്പിന്റെ ഇരട്ടത്താപ്പാണെന്ന് വിമർശനമുയർന്നിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥർക്കൊപ്പം നിന്ന വനുവകുപ്പ് മന്ത്രിയും പിന്നീട് അവരെ തള്ളിപ്പറയുകയായിരുന്നു. വേടനെ അറസ്റ്റ് ചെയ്യാൻ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
Post a Comment