"ഡോണ്ട് അണ്ടറെസ്റ്റിമേറ്റ് ചില്‍ഡ്രൻ!!" എന്ന് പറയാൻ തോന്നുന്ന ഒരു ഉത്തരക്കടലാസാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
സൈബർ ലോകത്ത് ചർച്ചയായ ഉത്തരക്കടലാസ് രണ്ടാം ക്ലാസുകാരിയുടേതാണ്. ആദ്യം ചിരിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ ഉത്തരവും അതിന്റെ ചോദ്യവും ഇങ്ങനെ..
മുട്ടയിടുകയും പ്രസവിക്കുകയും ചെയ്യുന്നവരെ പട്ടികപ്പെടുക
എന്നതായിരുന്നു ചോദ്യം. ഉദാഹരണത്തിന് കോഴി, പൂച്ച എന്നിങ്ങനെ രണ്ട് മൃഗങ്ങളുടെ പേരും നല്‍കിയിരുന്നു. സമാനമായ ഉത്തരങ്ങള്‍ എഴുതുകയാണ് വിദ്യാർത്ഥി ചെയ്യേണ്ടത്.
അതിമനോഹരമായ കയ്യക്ഷരത്തില്‍ രണ്ടാം ക്ലാസുകാരി ഇങ്ങനെ എഴുതി. താറാവ്, പാമ്ബ്, മീൻ, കാക്ക, എന്നിങ്ങനെ മുട്ടയിടുന്നവരുടെ കൂട്ടത്തില്‍ എഴുതിയ രണ്ടാം ക്ലാസുകാരി, പ്രസവിക്കുന്നവരുടെ പട്ടികയില്‍ എഴുതിയതാകട്ടെ ആന, പട്ടി, പശു, സുനിത എന്നിങ്ങനെയും. ഈ ഉത്തരക്കടലാസ് കാണുന്ന ഏതൊരു കാഴ്ചക്കാരന്റെയും കണ്ണുടക്കുന്നത് 'സുനിത'യിലായിരിക്കും
ഉത്തരപേപ്പർ പരിശോധിച്ച അദ്ധ്യാപികയുടെ പേരായിരുന്നു സുനിത. അതായത് വിദ്യാർത്ഥിയുടെ ക്ലാസ് ടീച്ചർ. പ്രസവിക്കുന്നവരുടെ പേരെഴുതാനാണല്ലോ ചോദ്യം. പ്രസവിക്കുന്നവരുടെ കൂട്ടത്തിലാണ് ടീച്ചറെന്ന് മനസിലാക്കിയ മിടുക്കി പട്ടികയില്‍ അവരുടെ പേരും എഴുതിവച്ചു. ഉത്തരം ശരിയോ തെറ്റോ? തെറ്റെന്ന് പറയാൻ കഴിയില്ലല്ലോ!! അതിനാല്‍ ഫുള്‍ മാർക്ക് നല്‍കിയ അദ്ധ്യാപിക രണ്ടാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.
"ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും" എന്ന അടിക്കുറിപ്പോടെയാണ് സുനിത ടീച്ചർ ഇത് പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്‌എസ്‌എല്‍പിഎസിലെ അദ്ധ്യാപികയാണ് ജി.എസ് സുനിത. രണ്ടാം ക്ലാസുകാരായ സമീരയും അനഘയുമാണ് ടീച്ചറുടെ പേര് ഉത്തരമായി എഴുതിയത്.
Post a Comment