ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽനിന്ന് ഞായറാഴ്ച ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ139 വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മിസൈൽ ആക്രമണം ഉണ്ടായത്. ഇതേത്തുടർന്ന് ജോർദാന്റെ ആകാശ പരിധിയിൽനിന്നാണ് വിമാനം തിരിച്ച് പറന്നത്.
യെമനിൽനിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചിരുന്നു.. മിസൈലാക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ തുടർന്ന് ഇസ്രയേലിലേക്കുള്ള സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരുന്നു.
ആക്രമണത്തെ തുടർന്ന് ബെൻ ഗുരിയോൺ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടിട്ടെങ്കിലും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post a Comment