നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു തുടക്കം; ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന്, ആകാംക്ഷയില്‍ ലോകം


വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക കോണ്‍ക്ലേവിന് ഇന്നു തുടക്കമാകും.
പ്രാദേശികസമയം രാവിലെ പത്തിന്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ കർദിനാള്‍ തിരുസംഘത്തിന്‍റെ തലവൻ കർദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തില്‍ എല്ലാ കർദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ' എന്ന പേരിലാണ് കോണ്‍ക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്.

പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാർഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ എന്നർഥമുള്ള "വിയെനി ക്രേയാതൊർ..' എന്ന പരമ്ബരാഗത പ്രാർഥനാഗീതം ആലപിച്ചുകൊണ്ട് 71 രാജ്യങ്ങളില്‍നിന്നുള്ള 133 കർദിനാള്‍ ഇലക്‌ടർമാർ പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കും. തുടർന്ന് ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന് (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. പത്തരയോടെ ഫലം അറിയാനാകും.

ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കു ശേഷമാണ് അവർ കോണ്‍ക്ലേവിനായി ചാപ്പലില്‍ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്‍റെ വാതില്‍ അടയ്ക്കും.

സിസ്റ്റൈൻ ചാപ്പലില്‍ പ്രവേശിക്കുന്ന കർദിനാള്‍മാർ അവിടെയുള്ള അള്‍ത്താരയുടെ മുന്നില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യസ്വഭാവം കർശനമായി കാത്തുസൂക്ഷിക്കുമെന്ന് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുകയും ധ്യാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഫ്രാൻസിസ് മാർപാപ്പയുടെ ധ്യാനഗുരുവായിരുന്ന കർദിനാള്‍ കാന്താലമെസേയാണ് കർദിനാള്‍സംഘത്തിനുള്ള ധ്യാനം നയിക്കുക.

തങ്ങള്‍ക്കു ലഭ്യമാകുന്ന ബാലറ്റില്‍ കർദിനാള്‍മാർ, തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരെഴുതിയശേഷം "മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടണമെന്ന് എന്‍റെ മനഃസാക്ഷിയില്‍ ദൈവം പ്രചോദിപ്പിക്കുന്നയാളെ ദൈവനാമത്തില്‍ ഞാൻ തെരഞ്ഞെടുക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് വോട്ട് നിക്ഷേപിക്കും.

ആർക്കെങ്കിലും ഒരാള്‍ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നതുവരെ തെരെഞ്ഞെടുപ്പ് തുടരും. ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളൂ.

നാളെ രാവിലെ ഒന്പതിന് വോട്ടിംഗ് പുനരാരംഭിക്കും. മാർപാപ്പയുടെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കർദിനാള്‍മാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.

250ലധികം അംഗങ്ങളുള്ള കർദിനാള്‍ സംഘത്തിലെ 80 വയസില്‍ താഴെയുള്ള 135 പേർക്ക് വോട്ടവകാശം ഉണ്ടെങ്കിലും സ്പെയിനില്‍നിന്നുള്ള കർദിനാള്‍ അന്‍റോണിയോ കനിസരസും കെനിയയില്‍നിന്നുള്ള കർദിനാള്‍ ജോണ്‍ ഞ്ഞുയെയും ആരോഗ്യകാരണങ്ങളാല്‍ പിന്മാറിയിട്ടുണ്ട്.

കർദിനാള്‍ ഇലക്‌ടർമാരുടെ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാള്‍ തന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പൂർത്തിയാകുന്നത്. വോട്ടവകാശമുള്ള 133 കർദിനാള്‍മാരും തിങ്കളാഴ്ച വത്തിക്കാനിലെത്തിയിരുന്നു.

Post a Comment

Previous Post Next Post