ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സോഫിയ ഖുറേശിയും വ്യോമികാ സിങും


ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പകരമായി പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറൈശിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും. ഇന്ന് രാവിലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത ഇരുവരും സൈനിക നടപടിയുടെ വിവരങ്ങള്‍ പങ്കുവച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ കോപ്‌സ് ഓഫ് സിഗ്നല്‍സിലെ ഉദ്യോഗസ്ഥയാണ് ഗുജറാത്തിലെ വഡോദര സ്വദേശിയായ സോഫിയ ഖുറൈശി. 2016 മാര്‍ച്ചില്‍ പൂനെയില്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ നടത്തിയ സൈനികപരിശീലനത്തിന് ഇവര്‍ നേതൃത്വം നല്‍കി. ജപ്പാന്‍, ചൈന, റഷ്യ, യുഎസ്, സൗത്ത് കൊറിയ, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ തുടങ്ങിയ 18 രാജ്യങ്ങളാണ് ഈ ഓപറേഷനില്‍ പങ്കെടുത്തത്. സമാധാന നടപടികള്‍, കുഴിബോംബ് നിര്‍മാര്‍ജനം എന്നിവയിലും പങ്കുവഹിച്ചു.

2006ല്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ നിരീക്ഷണ ചുമതല വഹിച്ചു. സോഫിയ ഖുറൈശിയുടെ പിതാമഹന്‍ സൈനികനായിരുന്നു. സോഫിയ വിവാഹം കഴിച്ചത് മേജര്‍ താജുദ്ദീന്‍ ഖുറൈശിയെയാണ്.ഇന്ത്യന്‍ വായുസേനയില്‍ വ്യോമിക സിങിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അവരെ പങ്കെടുപ്പിച്ച നടപടി. മകളെ വായുസേനയില്‍ ചേര്‍ക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് വ്യോമിക എന്ന പേര് നല്‍കിയത്. എഞ്ചിനീയറിങ് പഠിച്ച വ്യോമിക എന്‍സിസിയിലും ഉണ്ടായിരുന്നു. 2019ല്‍ വായുസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. ചേതക്ക്, ചീറ്റ തുടങ്ങിയ ഹെലികോപറ്ററുകള്‍ അവര്‍ ജമ്മുവിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പറത്തി.


Post a Comment

Previous Post Next Post