കണ്ണൂർ: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ഫണുകള്‍ തിരികെകിട്ടിയ സന്തോഷത്തിലാണ് കെ. രാജീവ്, കെ.വി. മഹേഷ്, കെ.പി.
വിജില്‍ ഉള്‍പ്പെടെയുള്ള 22 പേർ. 10 ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടതും കളവുപോയതുമായ ഫോണുകളാണ് കണ്ണൂർ സിറ്റി സൈബർ സെല്‍ കണ്ടെത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുമാണ് 22-ഓളം ഫോണുകള്‍ കണ്ടെത്തിയത്.
ഫോണ്‍ ലഭിച്ചവരില്‍നിന്ന് നേരിട്ടും കൂരിയർ സർവീസ് വഴിയും പോലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്. ആറുമാസത്തിനുള്ളില്‍ സൈബർ സെല്‍ 180-ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. ഫോണ്‍ ഉടമകളെ കണ്ണൂർ പോലീസ് കമ്മിഷണറുടെ ഓഫീസില്‍ വിളിച്ചുവരുത്തി സിറ്റി കമ്മിഷണർ പി. നിധിൻ രാജ് ഫോണുകള്‍ തിരിച്ചുനല്‍കി.
മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ പേടിക്കേണ്ടതില്ലെന്നും കണ്ടെത്തി തരും എന്നുമുള്ള പെതുഅവബോധം ജനങ്ങള്‍ക്ക് നല്‍കാനാണ് എല്ലാവരെയും ഒന്നിച്ച് വിളിച്ച് ഫോണ്‍ കൈമാറിയതെന്ന് കമ്മിഷണർ പറഞ്ഞു. സിഇഐആർ പോർട്ടലിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലഭിച്ച ഫോണുകള്‍ സൈബർ സെല്‍ ഉടമസ്ഥർക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.
സൈബർ സെല്‍ എഎസ്‌ഐ എം. ശ്രീജിത്ത്, സിപിഒമാരായ പി.കെ. ദിജിൻ രാജ്, എൻ.കെ. അജുല്‍ എന്നിവർ ചേർന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
Post a Comment