ആലക്കോട് പള്ളിയിലെ ആഴ്ചച്ചന്ത ശ്രദ്ധേയമാകുന്നു

ആലക്കോട്: കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാനും ആവശ്യക്കാർക്ക് വിലക്കുറവില്‍ വിഷരഹിത ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുമായി ആലക്കോട് സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആഴ്ച‌ച്ചന്ത ശ്രദ്ധേയമാകുന്നു.


കർഷകരില്‍ നിന്ന് നേരിട്ട് കപ്പ, ഇഞ്ചി,വാഴക്കുലകള്‍, ചേന, ചേമ്ബ്, മത്തൻ, പയർ തുടങ്ങിയ വിവിധ പച്ചക്കറികള്‍ പഴവർഗങ്ങള്‍ എന്നിവ ശേഖരിച്ച്‌ ആവശ്യക്കാർക്ക് ആഴ്ചച്ചന്തയിലൂടെ എത്തിക്കുകയാണ്. ശനിയാഴ്ചക്ക് മുമ്ബ് കർഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച്‌ ഞായറാഴ്‌ചകളില്‍ രാവിലെ മുതല്‍ ചന്ത തുടങ്ങും. കുർബാനക്ക് ശേഷമാണ് വിപണനം.

കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ പള്ളിയിലെത്തി വില്‍ക്കുകയും ചെയ്യാം. മാർക്കറ്റ് വിലയെക്കാള്‍ കൂട്ടിയാണ് കർഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ ലഭ്യമാക്കുന്നുമുണ്ട്. ഇടനിലക്കാരില്ലാത്തതിനാല്‍ കർഷകർക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. നാലുമാസം മുമ്ബാണ് ഫൊറോന വികാരി ഫാ. ആന്‍ണി പുന്നൂരിന്‍റെ നേതൃത്വത്തില്‍ ചന്ത ആരംഭിച്ചത്. ആഴ്‌ചച്ചന്തയില്‍ നിന്നുള്ള ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.

ബയോമൗണ്ടൻ കമ്ബിനിയുടെ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് പുറമെ ജാതിമത ഭേദമന്യേ ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നുണ്ട്. പള്ളി ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങളുടെ സംഭരണവും വിപണനവും നടത്തുന്നത്. റസിഡന്‍റ് വികാരി ഫാ. തോമസ് നീണ്ടൂര്, അസി. വികാരി ഫാ. എബിൻ മുള്ളംകുഴി, കമ്മറ്റി അംഗങ്ങള്‍ എന്നിവരും ചന്തയുടെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Post a Comment

Previous Post Next Post