കൊച്ചി: കളമശേരിയിലെ സ്കൂളില്‍ മൂന്ന് വിദ്യാർത്ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടുപേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.
സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർത്ഥികളെയാണ് ശനിയാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രെെമറിതല പരീക്ഷകള്‍ മാറ്റിവച്ചു. സ്കൂള്‍ താല്‍ക്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു.
രോഗ ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.
Post a Comment