കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം. പന്തിരിക്കര വാഴയില്‍ വിലാസിനി (57)യാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടർമാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഉച്ചയ്ക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നല്‍കി. വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രോഗിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ഒന്നും നല്‍കിയില്ലെന്നും അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച്‌ കളയണമെന്നാണ് പിന്നീട് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടർമാർ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച്‌ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ ഇത്തരം സംഭവങ്ങള്‍ അത്യപൂർവമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post