'കേരള ചിക്കൻ' മുഴുവൻ ജില്ലകളിലേക്കും; വാര്‍ഷിക വിറ്റുവരവ് 100 കോടി കടക്കും


കൊച്ചി: 'കേരള ചിക്കൻ' സംസ്ഥാനത്തെ മൂന്ന് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. നിലവില്‍ 11 ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
വയനാട്, ഇടുക്കി, കാസർകോട് ജില്ലകളില്‍ കൂടി ഏപ്രില്‍-മേയ് മാസത്തോടെ പദ്ധതി നടപ്പാക്കും. ഇതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കണ്ണൂരില്‍ അടുത്തിടെയാണ് പദ്ധതി ആരംഭിച്ചത്.
2019-ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. ഇതുവരെയായി മൊത്തം 350 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതിവഴി കുടുംബശ്രീ നേടിയത്.
ഈ സാമ്ബത്തിക വർഷം അവസാനത്തോടെ വാർഷിക വിറ്റുവരവ് 100 കോടി രൂപ കടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് വിറ്റുവരവ് 100 കോടി രൂപയിലേക്ക് എത്തുന്നത്. നടപ്പു സാമ്ബത്തിക വർഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 95 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. കഴിഞ്ഞ സാമ്ബത്തിക വർഷം മൊത്തം വിറ്റുവരവ് 91 കോടി രൂപയായിരുന്നു.
പദ്ധതി ആരംഭിച്ചിട്ടുള്ള 11 ജില്ലകളിലുമായി (ആലപ്പുഴ ഒഴികെ) മൊത്തം 140 ഔട്ട്്ലെറ്റുകളാണ് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. 446 ഫാമുകളുമുണ്ട്. മൂന്ന് ജില്ലകളില്‍ കൂടി കേരള ചിക്കൻ നടപ്പാക്കുന്നതോടെ ഔട്ട്്ലെറ്റുകളുടെയും എണ്ണം കൂടും. 13 ലക്ഷത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള ശേഷിയാണ് ഫാമുകള്‍ക്കുള്ളത്. കുടുംബശ്രീ അംഗങ്ങളാണ് ഫാമുകളും ഔട്ട്ലെറ്റുകളും നടത്തുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ള എഴുന്നൂറോളം വനിതകളാണ് പദ്ധതിയില്‍ ഗുണഭോക്താക്കളായിട്ടുള്ളത്.

Post a Comment

Previous Post Next Post