ചെറുപുഴ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും കർഷകനെ രക്ഷിച്ച് വളർത്തു നായകള്‍. തിരുമേനി പരുത്തിക്കല്ലിലെ കൊച്ചുപറമ്ബില്‍ മാത്യുവിനെയാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും വളർത്തുനായ്ക്കള്‍ രക്ഷിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ തന്‍റെ തോട്ടത്തില്‍ റബർ പാലെടുത്തുകൊണ്ടിരിക്കുമ്ബോഴാണ് കൂറ്റൻ കാട്ടുപന്നി വലിയ ശബ്ദമുണ്ടാക്കി മാത്യുവിനു നേരെ പാഞ്ഞടുത്തത്. മാത്യുവിനോടൊപ്പം തോട്ടത്തില്‍ എത്തിയിരുന്ന നായകള്‍ കാട്ടുപന്നി യജമാനനെ അക്രമിക്കാനായി ഓടിവരുന്നത് കണ്ടപ്പോള്‍ പന്നിയുടെ മേല്‍ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി കൂട്ടത്തില്‍ വലിയ നായയായ ജാക്സിയെ ദൂരേക്ക് തട്ടി തെറിപ്പിച്ചു.
ചെറിയ നായയായ ടോണിയെ കടിച്ച് കുടഞ്ഞ് നിലത്തടിച്ചു. ഇതിന്‍റെ രണ്ടുകാലുകളും ഒടിഞ്ഞു. ശരീരത്തില്‍ കാട്ടുപന്നി കടിച്ച മുറിവുകള്‍ വേറെയുമുണ്ട്. കാട്ടുപന്നിയും നായകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മാത്യു സമീപത്തെ പേരമരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം സ്ഥലത്ത് ചുറ്റികറങ്ങിയ പന്നി സ്ഥലത്ത് നിന്നും പിൻവാങ്ങിയ ശേഷമാണ് മാത്യു മരത്തില്‍ നിന്നിറങ്ങിയത്. ജാക്സി, ടോണി എന്നീ വളർത്തു നായകള്‍ ഇല്ലായിരുന്നുവെങ്കില്‍ താൻ രക്ഷപ്പെടില്ലായിരുന്നുവെന്ന് മാത്യു പറഞ്ഞു.
Post a Comment