കണ്ണൂർ: സൈബറിടങ്ങളില്‍ സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്ന സംഭവങ്ങള്‍ വർധിക്കുന്നു. ഓണ്‍ലൈൻ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലിസ് കൗണ്ടർ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷൻ(സി.സി.എസ്.ഇ) അഞ്ചുവർഷത്തിനിടയില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് 351 പേർ.
പി. ഹണ്ട് എന്ന പേരില്‍ 6,426 പരിശോധനകളാണ് നടത്തിയത്. ഇതിലൂടെ കുട്ടികളുടെ ഫോട്ടോകളും വിഡിയോകളും അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3,444 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. 2020 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിരവധി സംഘങ്ങളെ അന്വേഷണസംഘം കണ്ടെത്തി. വാട്സ്‌ആപ്പ്, ടെലഗ്രാം എന്നിവയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്ന വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്.
അതീവ രഹസ്യമായാണ് ഈ അശ്ലീല വിഡിയോ റാക്കറ്റുകളുടെ പ്രവർത്തനം. വിശ്വസ്തരെന്ന് കരുതപ്പെടുന്നവരാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരില്‍ ഏറെയും. പ്രലോഭനത്തിലൂടെയോ തട്ടിക്കൊണ്ടുപോയോ ആണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതും രംഗങ്ങള്‍ പകർത്തുന്നതും. പിടിയിലാകുന്നവരില്‍ സമൂഹത്തില്‍ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. കഴിഞ്ഞ നവംബറില്‍ കണ്ണൂർ ചെറുപുഴയില്‍ മൂന്ന് യുവാക്കള്‍ പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച സംഭവമുണ്ടായിരുന്നു. എ.ഐ സംവിധാനത്തിന്റെ സാധ്യതകളും ദുരുപയോഗം ചെയ്യുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Post a Comment