ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച് പുതിയ മാറ്റത്തിനൊരുങ്ങുകയാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). എൻ.പി.സി.ഐ.യുടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് യൂണിഫൈഡ് പെയ്മെന്റ്സ്ഇന്റർഫേസ് (UPI) വഴി പണമിടപാട് നടത്തണമെങ്കിൽ ഉപയോക്താവിന്റെ യു.പി.ഐ. ഐ.ഡി.യിൽ സ്പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടാകാൻ പാടില്ല, അഥവാ, ഐ.ഡി.യിൽ ആൽഫാന്യൂമറിക് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അവ മാറ്റാത്തപക്ഷം ഡിജിറ്റലായി പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നടപ്പിലാവുക.
ഉപയോക്താക്കൾ അവരുടെ യു.പി.ഐ. ഐ.ഡി. പരിശോധിച്ച് അതിൽ സ്പെഷ്യൽ ക്യാരക്ടറുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും, ഉണ്ടെങ്കിൽ അവ മാറ്റുകയും ചെയ്യണമെന്ന് എൻ.പി.സി.ഐ. അറിയിച്ചു. @, #, $,*, -, ; ഇങ്ങനെയുള്ള ചിഹ്നങ്ങളെയാണ് സ്പെഷ്യൽ ക്യാരക്ടർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി മുതൽ യു.പി.ഐ. ഐ.ഡി.യിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളോ, 0 മുതൽ 9 വരെയുള്ള അക്കങ്ങളോ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് എൻ.പി.സി.ഐ. ജനുവരി ഒമ്പതിന് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി എല്ലാ ഓൺലൈൻ പേമെന്റ് ആപ്പുകൾക്കും പുതിയ നിബന്ധന ബാധകമാണ്. യു.പി.ഐ. ട്രാൻസാക്ഷൻ ഐ.ഡി.കൾ വ്യക്തമാക്കുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്ന് എൻ.പി.സി.ഐ. പറയുന്നു. എല്ലാ യു.പി.ഐ. പേമെന്റ് സേവനദാതാക്കളും ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സാധാരണഗതിയിൽ പേമെന്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പ്രകാരം ഓട്ടോമാറ്റിക് ആയി യു.പി.ഐ. ഐ.ടി. സൃഷ്ടിക്കപ്പെടുകയാണ് ചെയ്യാറ്. ഇതിൽ നമുക്ക് മാറ്റം വരുത്താൻ സാധിക്കും. പേമെന്റ് ആപ്പിലെ പ്രൊഫൈൽ ഐ.ഡി.യിൽ ക്ലിക്ക് ചെയ്ത് UPI ID മാറ്റാനുള്ള ഓപ്ഷനിലേക്ക് എത്താം.
Post a Comment