കുവൈത്ത് തീരത്ത് കപ്പൽ അപകടം; ആലക്കോട് സ്വദേശി മരിച്ചതായി വിവരം


ആലക്കോട്: കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ആലക്കോട് സ്വദേശിയായ യുവാവ് മരിച്ചതായി ബന്ധുകൾക്ക് വിവരം ലഭിച്ചു. ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ സുരേഷിന്റെയും ഉഷയുടെയും മകൻ അമൽ (26) ആണ് മരിച്ചത്.

"അറബക്തർ വണ്‍'' എന്ന കപ്പലാണ് കഴിഞ്ഞ ഞായറാഴ്ച കുവൈറ്റ് തീരത്തിനു സമീപം മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ആറു ജീവനക്കാരും മരിച്ചതായാണു വിവരം. മരിച്ച മറ്റുള്ളവരെല്ലാം ഇറാൻ സ്വദേശികളാണ്.

ഇറാൻ, കുവൈറ്റ് നാവികസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് ഇറാൻ മാരിടൈം നാവിഗേഷൻ അഥോറിറ്റി അറിയിച്ചു. 

കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്നു സ്ഥിരീകരിക്കാൻ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യൻ എംബസി അധികൃതർ അമലിന്‍റെ അമ്മ ഉഷയെ വിളിച്ചപ്പോഴാണു സംഭവം നാട്ടില്‍ അറിയുന്നത്.

തുടർന്ന് ബന്ധുക്കൾ ആലക്കോട് പോലീസിൽ വിവരം അറിയിക്കുകയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു‌. നേരത്ത മുംബെയിൽ ജോലി ചെയ്‌തിരുന്ന അമൽ എട്ട് മാസം മുമ്പാണ് കരാർ അടിസ്ഥാനത്തിൽ ഇറാൻ വ്യാപാര കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. അടുത്ത മാസം കാലാവധി കഴിയാനിരിക്കെയാണ് ദുരന്തം. കപ്പൽ മറിയാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കുവൈത്ത് ഇറാനിയൻ അധികൃതർ അന്വേഷണം നടത്തിവരികയാണ്. അമൽ ദുരന്തത്തിൽപ്പെട്ടതായുള്ള വിവരം കാവുംകുടി ഗ്രാമത്തെ ഏറെ ദുഃഖത്തിലാഴ്ത്തി 

Post a Comment

Previous Post Next Post