'ഇതല്‍പം കടുത്തുപോയി'; തലയില്‍ കൈവച്ച്‌ ക്രിസ്റ്റ്യാനോയുടെ യുട്യൂബ് എതിരാളികള്‍

കളിക്കളത്തിലും യൂട്യൂബിലും ഒരുപോലെ റെക്കോർഡുകള്‍ കടപുഴക്കി പോർച്ചുഗല്‍ ഫുട്ബാള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നോട്ട്.
'യുആർ ക്രിസ്റ്റ്യാനോ' എന്ന ചാനല്‍ തുടങ്ങി ഗോള്‍ഡണ്‍ ബട്ടണും ഡയമണ്ട് ബട്ടണും മണിക്കൂറുകള്‍ക്കകം സ്വന്തമാക്കിയ താരം വെറും ആറ് ദിവസം കൊണ്ട് യുട്യൂബിന്റെ കസ്റ്റം പ്ലേ ബട്ടണും (50 മില്യണ്‍ സബ്സ്ക്രൈബേഴ്സ്) തൻ്റെ പോക്കറ്റിലാക്കി.

ചാനല്‍ തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബർ എന്ന നേട്ടമാണ് 5 കോടി കടന്നതിലൂടെ താരം സ്വന്തമാക്കിയത്. ആകെ 119 മില്യണ്‍ സബ്സ്ക്രൈബേഴ്സുള്ള 'ലൈക്ക് നാസ്ത്യ' എന്ന ചാനലിനെയാണ് മറികടന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ പോസ്റ്റ് ചെയ്യുന്ന ചാനല്‍ മൂന്ന് വർഷം കൊണ്ടാണ് 50 മില്യണിലെത്തിയത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍കൊണ്ട് താരം 40 മില്യണ്‍ കടന്നിരുന്നു.

: യൂട്യൂബ് വരുമാനം ക്രിസ്റ്റ്യാനോ എന്ത് ചെയ്യും; രണ്ട് ദിവസം കൊണ്ട് കിട്ടിയത്…

നിലവില്‍ യൂട്യൂബില്‍ 312 മില്യണ്‍ വരിക്കാരുമായി ഒന്നാം സ്ഥാനത്തുള്ള 'മിസ്റ്റർ ബീസ്റ്റ്' പോലും 50 മില്യണ്‍ കടന്നത് ഒൻപത് വർഷം കൊണ്ടാണ്. ഏറ്റവും വേഗത്തില്‍ ഒരു കോടി (10 മില്യണ്‍) സബ്‌സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോഡും ക്രിസ്റ്റ്യാനോ മറികടന്നിരുന്നു. 10 മില്യണിലേക്ക് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡ് വെറും പത്ത് മണിക്കൂർ കൊണ്ടാണ് താരം തകർത്തത്. ആദ്യ 22 മിനിട്ടില്‍ 1 ലക്ഷം വരിക്കാരെ മറികടന്ന താരം ഒന്നര മണിക്കൂറിനിടയില്‍ വരിക്കാരുടെ എണ്ണം 1 ബില്യണ്‍ (10 ലക്ഷം‌) ആക്കി. അര ദിവസം കൊണ്ട് 1 കോടിയും ‌24 മണിക്കൂർ കൊണ്ട് 2 കോടി സബ്സ്ക്രൈബേഴ്സിനെയും താരം സ്വന്തമാക്കിയിരുന്നു.

കളിക്കളത്തിലും റൊണാള്‍ഡോ മുന്നേറ്റം തുടരുകയാണ്. ചൊവ്വാഴ്ച സൗദി ലീഗില്‍ അല്‍-ഫൈഹയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കരിയറിലെ 899-ാമത് ഗോളാണ് നേടിയത്. ഇതോടെ തുടർച്ചയായി 23 സീസണുകളില്‍ എതിരാളികളുടെ വല ഫ്രീകിക്കിലൂടെ കുലുക്കുന്ന ആദ്യ ഫുട്ബോളർ എന്ന നേട്ടവും സ്വന്തമാക്കി. തൻ്റെ 64-ാമത് ഫ്രീകിക്ക് ഗോള്‍ നേടിയ താരം അർജൻ്റീനൻ ഇതിഹാസ താരം ലയണല്‍ മെസിക്ക് തൊട്ടു പിന്നിലെത്തി. 65 ഗോളുമായി മെസിയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ സീസണില്‍ 45 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ അടിച്ചുകൂട്ടിയ റൊണാള്‍ഡോ 13 അസിസ്റ്റുകളും നല്‍കിയിരുന്നു.

Post a Comment

Previous Post Next Post