പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രത്തില്‍ 1363 പേരുടെ പാസിംഗ് ഔട്ട് പരേഡ്

ചെറുപുഴ: പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തില്‍ 157-ാ മത് ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ നടന്നു.
1363 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. 856 പുരുഷന്മാരും 507 സ്ത്രീകളും ഉള്‍പ്പടെയാണ് പരിശീലനം പൂർത്തിയാക്കിയത്. 

28 സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനികളില്‍ കൂടുതലും ഒഡീഷ, കർണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സിആർപിഎഫ് അഡീഷണല്‍ ഡിഐജി വിതുല്‍ കുമാർ ഐപിഎസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. 

സിടിസി മുദ്‌ഖേഡ് ഐജി , സി.ടി. വെങ്കിടേഷ്, ഐജി കെ.കെ. സെക്ടർ ടി. വിക്രം ഐപിഎസ്, എന്നിവരും സന്നിഹിതരായിരുന്നു. ആർടിസി പെരിങ്ങോം ഡിഐജി പ്രിൻസിപ്പല്‍ മാത്യു എ. ജോണ്‍ സ്വാഗതം പറഞ്ഞു. ആർടിസി പെരിങ്ങോം കമാൻഡന്‍റ് ബിനോയ് ചേത്രി സത്യവാചകം ചൊല്ലിക്കൊടുത്തു. വർണാഭമായ മാർച്ച്‌ പാസ്റ്റും പരിശീലനാർഥികളുടെ കായിക പ്രകടനവും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്നു. 

ചെറിയ ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവിധ ആയുധങ്ങളില്‍ പരിശീലനം, വെടിവയ്ക്കല്‍, ഫീല്‍ഡ് ക്രാഫ്റ്റ്, മാപ്പ് റീഡിംഗ്, ഫൂട്ട് ആൻഡ് ആംസ് ഡ്രില്‍, വിവിധ പ്രവർത്തന ചുമതലകള്‍, വിഐപി സുരക്ഷ, സുപ്രധാന ഇൻസ്റ്റലേഷനുകളുടെ സുരക്ഷ, ദുരന്തനിവാരണം, മാനേജ്മെന്‍റ് എന്നിവയില്‍ 44 ആഴ്ചത്തെ പരിശീലനമാണ് നേടിയാണ് ട്രെയിനികള്‍ പരേഡിന് സജ്ജരാകുന്നത്. 

നക്സല്‍ വിരുദ്ധ പ്രവർത്തനങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന ക്രമസമാധാന സാഹചര്യങ്ങളും ഇവർക്ക് പകർന്നുനല്‍കുന്നു. പുതുതായി പാസായ 1363 ട്രെയിനികള്‍ ചുമതലകള്‍ക്കായി വിവിധ ഓപ്പറേഷൻ തിയറ്ററുകളില്‍ വിന്യസിച്ചിരിക്കുന്ന യൂണിറ്റുകളിലേക്കുള്ള സേനയില്‍ ചേരും.

Post a Comment

Previous Post Next Post