നിണ്ടുനിവർന്നു കിടക്കുന്ന ബെംഗളൂരു- മൈസൂരു പത്തുവരി പാതയിലൂടെ വാഹനമോടിക്കുമ്ബോള്‍ വേഗംകൂടുന്നത് പലപ്പോഴും അറിയില്ല.
വേഗം ത്രില്ലടിപ്പിക്കുമെങ്കിലും പോലീസ് കേസും പിന്നാലെ വരുമെന്ന് ഓർക്കണം. ഓഗസ്റ്റ് ഒന്നുമുതല്‍ അതിവേഗത്തിനു പിഴയും കേസും ഏർപ്പെടുത്തിയതോടെ മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളുടെപേരിലാണ് കേസെടുത്തിട്ടുള്ളത്.
പാതയില്‍ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റർവരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കും. ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കർണാടക ഡി.ജി.പി. അലോക് മോഹൻ 'മാതൃഭൂമി'യോട് പറഞ്ഞു.
അതിവേഗക്കാരെ പിടികൂടാൻ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പിഴയടയ്ക്കാനുള്ള അറിയിപ്പ് മൊബൈലില്‍ ലഭിച്ചതനുസരിച്ച് വെബ്സൈറ്റില്‍ കയറി അടയ്ക്കാൻ ശ്രമിച്ചപ്പോള്‍ പണം പോയതല്ലാതെ പിഴയടച്ചതായി അറിയിപ്പ് വരുന്നില്ലെന്ന് ആരോപണമുണ്ട്.
കഴിഞ്ഞവർഷം മാർച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ലെയിൻ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങള്‍ വർധിച്ചതിനെത്തുടർന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.
പിടിക്കപ്പെടാതിരിക്കാനും വഴികള്‍
അതിവേഗത്തിന് പിടിക്കപ്പെടാതിരിക്കാനുള്ള വഴികളും യാത്രക്കാർ തേടുന്നുണ്ട്. സ്പീഡ് ക്യാമറകള്‍ സംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്ന 'റഡാർബോട്ട്' ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണ് പലരും. സ്ഥിരമായി ഈ പാതയില്‍ യാത്ര ചെയ്യുന്നവരാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. സ്പീഡ് ക്യാമറയുടെ പരിധിയിലുള്ള പ്രദേശങ്ങള്‍ക്ക് 300 മീറ്റർ മുൻപ് ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും. ഇതോടെ വേഗം കുറയ്ക്കും. പിന്നീട് ക്യാമറയുടെ പരിധി കഴിയുമ്ബോള്‍ വേഗം കൂട്ടും.
പിഴ 1000, പോയത് 2000
'കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് വേഗപരിധി ലംഘിച്ചതിന് 1,000 രൂപ പിഴയടയ്ക്കാൻ മൊബൈലില്‍ സന്ദേശം വന്നത്. ലംഘനം നടന്ന് മൂന്നുമിനിറ്റിനകംതന്നെ സന്ദേശം വന്നു. രാവിലെ വെബ്സൈറ്റ് വഴി പിഴയടച്ചപ്പോള്‍ 1,000 രൂപ അക്കൗണ്ടില്‍നിന്ന് പോയെങ്കിലും പിഴ സ്വീകരിച്ചതായി സന്ദേശം വന്നില്ല. ഇതേത്തുടർന്ന് വീണ്ടും 1,000 രൂപ അടച്ചു. എന്നിട്ടും പിഴയടച്ചതായുള്ള അറിയിപ്പ് ലഭിച്ചില്ല. ഇപ്പോഴും 1,000 രൂപ പിഴയടയ്ക്കാനുണ്ടെന്നാണ് കാണിക്കുന്നത്.
ദീപക് വിളക്കാട്ട് (സോഫ്റ്റ്വേർ എൻജിനിയർ)
Post a Comment