മത്സ്യം, മാംസം, പച്ചക്കറി വില ഉയരുന്നു: അടുക്കളയില്‍ 'കൈപൊള്ളും'


ആലപ്പുഴ : പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലകൂടുന്നത് അടുക്കളബജറ്റിനെ ബാധിക്കുന്നു. ഈസ്റ്റർ മുതല്‍ ഇറച്ചിക്കു വില ഉയരുകയാണ്.
ദൗർലഭ്യമാണ് പ്രധാന കാരണം. അതേസമയം, പക്ഷിപ്പനിയുടെ സമയത്തും ചിക്കൻവിലയില്‍ ഇടിവില്ല. ആന്ധ്ര, കർണാടക എന്നിവിടങ്ങളില്‍നിന്നാണ് കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. കോഴികളെ തമിഴ്നാട്ടില്‍നിന്നും. വരവു കുറഞ്ഞതും യാത്രാച്ചെലവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീനിനും വിലകൂടി. മത്തിക്ക് ഒരുമാസംകൊണ്ട് വില ഇരട്ടിയായി. മാന്തല്‍, ചൂര, കൂന്തല്‍ തുടങ്ങിയവയ്ക്ക് 40-60 രൂപ കൂടി.പച്ചക്കറിയും തൊട്ടാല്‍ പൊള്ളും. പച്ചമുളകാണ് മുൻപില്‍. ഒരുമാസം മുൻപ് 60രൂപ ആയിരുന്ന വില രണ്ടാഴ്ചമുൻപ് 120-ലെത്തി. ഇപ്പോള്‍ 140-ഉം. ഒരുമാസംകൊണ്ട് വെള്ളരിയുടെ വില 20-ല്‍നിന്ന് 60-ലെത്തി. മല്ലിയിലയുടെ വില അഞ്ചിരട്ടിയോളമായി. കിലോയ്ക്ക് 60-ല്‍നിന്ന് 280 രൂപ. ബീറ്റ്റൂട്ടിന് ഒരുമാസത്തിനുള്ളില്‍ 50-ല്‍നിന്ന് 80-ലെത്തി. സവാള, തക്കാളി, പയർ തുടങ്ങിയവയ്ക്കും വിലക്കുറവില്ല.

Post a Comment

Previous Post Next Post