ഡ്രാഗണ്‍ ഫ്രൂട്ടില്‍ നൂറുമേനി കൊയ്ത് പാലക്കീല്‍ രാജൻ

ചപ്പാരപ്പടവ്: പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി നടത്താൻ പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയാണ് ചപ്പാരപ്പടവ് തേറണ്ടിയിലെ പാലക്കീല്‍ രാജന്‍റെ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം.
രാജന് കോവിഡ് കാലത്ത് തോന്നിയ ആശയമായിരുന്നു ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി. ഒരേക്കറോളം വരുന്ന സ്ഥലത്തെ റബർ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയാരംഭിച്ചത്. റബർ വിലയിടിവും തൊഴിലാളികളെ കിട്ടാത്തതുമായിരുന്നു മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. 

പത്തനംതിട്ട കാസർഗോഡ് എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരേക്കറോളം സ്ഥലത്ത് കൃഷിയിറക്കി. കോണ്‍ക്രീറ്റ് വേലിക്കാലുകള്‍ നാട്ടി തൈകള്‍ നടുകയായിരുന്നു. ചെടിക്ക് പടരാന്‍ പഴയ ടയറുകളും സ്ഥാപിച്ചു. യൂട്യൂബില്‍ നോക്കിയാണ് ഇദ്ദേഹം കൃഷി രീതികള്‍ പഠിച്ചത്. മൂന്നുവർഷംകൊണ്ട് രാജന്‍റെ ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ വിളവെടുപ്പിന് ഒരുങ്ങി ക്കഴിഞ്ഞു. മലേഷ്യൻ റെഡ്, വൈറ്റ് ഡ്രാഗണ്‍, ഇസ്രായേല്‍ യെല്ലോ, റോയല്‍ റെഡ്, മെക്സിക്കൻ റെഡ്, തുടങ്ങിയ ഇനങ്ങളാണ് തോട്ടത്തിലുള്ളത്. ഇതുകൂടാതെ വിവിധയിനം വിദേശയിനം പഴവർഗങ്ങളും കൃഷിയിടത്തിലുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് രാജനും കുടുംബവും.

Post a Comment

Previous Post Next Post