ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി സർക്കാർ രൂപവത്കരണ ചർച്ചകളിലാണ് രാജ്യതലസ്ഥാനം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.
മന്ത്രിസഭയെക്കുറിച്ച് ചർച്ചകള്‍ നടന്നുവരുന്നു. പ്രതിപക്ഷം 'ശരിയായ സമയത്ത്, ശരിയായ നീക്കങ്ങള്‍'ക്ക് സജ്ജമാവുന്നു. അതേസമയം, രാജ്യത്തെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മന്ത്രിമാർക്കുമുള്ള പ്രതിഫലം എന്തായിരിക്കും?
രാഷ്ട്രപതി
രാജ്യത്തിന്റെ സർവസൈന്യാധിപനാണ് രാഷ്ട്രപതി. പാർലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ചേർന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിഭവനാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രസിഡൻഷ്യല്‍ വസതിയാണ് രാഷ്ട്രപതി ഭവൻ. സർക്കാരിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള ജോലിയാണ് രാഷ്ട്രപതിയുടേത്.
അഞ്ചുലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ ശമ്ബളം. 1951-ലെ രാഷ്ട്രപതിയുടെ ശമ്ബളവും പെൻഷൻ നിയമവും പ്രകാരമാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് വിവിധ തരത്തിലുള്ള നികുതി ഇളവുകള്‍ ലഭിക്കുന്നു. വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര, സൗജന്യ താമസം, വൈദ്യസഹായം, പ്രതിവർഷം ഓഫീസ് ചെലവുകള്‍ക്ക് ഒരുലക്ഷം രൂപ തുടങ്ങി അലവൻസുകളും രാഷ്ട്രപതിക്ക് ലഭിക്കുന്നു.
കാലാവധി കഴിയുന്നതോടെ ഒന്നരലക്ഷം രൂപ രാഷ്ട്രപതിക്ക് പെൻഷൻ ഇനത്തില്‍ പ്രതിമാസം ലഭിക്കും. ഫർണിഷ്ഡ് ബംഗ്ലാവ്, രണ്ട് സൗജന്യ ലാൻഡ്ലൈനുകള്‍, ഒരു മൊബൈല്‍ ഫോണ്‍, അഞ്ച് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, കൂടെവരുന്ന ആള്‍ക്കും വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര എന്നിവയും ലഭിക്കുന്നു.
ഉപരാഷ്ട്രപതി
രാജ്യത്തെ വലിയ രണ്ടാമത്തെ ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. രാജ്യസഭയുടെ അധ്യക്ഷപദവിക്ക് പുറമേ, രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകളും വഹിക്കുന്നു. 1953-ലെ സാലറീസ് ആൻഡ് അലവൻസസ് ഓഫ് ഓഫീസേഴ്സ് ഓഫ് പാർലമെന്റ് ആക്‌ട് പ്രകാരമാണ് ഉപരാഷ്ട്രപതിയുടെ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിക്ക് പ്രത്യേക ശമ്ബളത്തിന് വ്യവസ്ഥയില്ല. പകരം, രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിലയിലുള്ള ആനുപാതികമായ പ്രതിഫലവും ആനുകൂല്യങ്ങളും ലഭിക്കുന്നു.
നാലുലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ മാസപ്രതിഫലം. സൗജന്യ താമസം, വൈദ്യസഹായം, വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര, ലാൻഡ്ലൈൻ കണക്ഷൻ, മൊബൈല്‍ ഫോണ്‍ സേവനം, സുരക്ഷാ ഉദ്യോഗസ്ഥരേയും ലഭിക്കുന്നു. കാലാവധിക്കുശേഷം ഒന്നരലക്ഷം രൂപ മാസപെൻഷൻ.
പ്രധാനമന്ത്രി
സർക്കാരിന്റെ തലവനാണ് പ്രധാനമന്ത്രി. ഏതെങ്കിലും സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ രാഷ്ട്രപതിയാണ് നിയമിക്കുന്നത്. 1.66 ലക്ഷം രൂപയാണ് മാസ ശമ്ബളം. ഇതില്‍ അടിസ്ഥാനശമ്ബളം 50,000 രൂപയും 3,000 രൂപയുടെ എക്സ്പെൻസ് അലവൻസും 45,000 രൂപയുടെ പാർലമെന്ററി അലവൻസും ഡെയ്ലി അലവൻസായി 2,000 രൂപയും ഉള്‍പ്പെടുന്നു.
ഔദ്യോഗിക വസതി, എസ്.പി.ജി. സുരക്ഷ, സർക്കാർ വാഹനങ്ങളിലും വിമാനങ്ങളിലും യാത്ര എന്നിവ പ്രധാനമന്ത്രിക്ക് ലഭിക്കുന്നു. വിദേശയാത്രകളില്‍ യാത്രാ- താമസ- ഭക്ഷണച്ചെലവും സർക്കാർ വഹിക്കുന്നു. കാലാവധി അവസാനിച്ചാല്‍ അഞ്ചുവർഷത്തേക്ക് സൗജന്യമായി താമസവും വൈദ്യുതിയും കുടിവെള്ളവും എസ്.പി.ജി. സുരക്ഷയും ലഭിക്കുന്നു.
പാർലമെന്റ് അംഗം
ഒരുലക്ഷം രൂപയാണ് എം.പിമാരുടെ മാസശമ്ബളം. ഡെയ്ലി അലവൻസിന്റെ രൂപത്തില്‍ ഓരോ അഞ്ചുവർഷവും ഇത് വർധിക്കുന്നു. 50,000 രൂപയാണ് മാസ അടിസ്ഥാനശമ്ബളം. പാർലമെന്റ് സമ്മേളനങ്ങളിലും കമ്മിറ്റി മീറ്റിങ്ങുകളിലും പങ്കെടുക്കുന്നതിന് 2,000 രൂപ ഡെയ്ലി അലവൻസ്. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 16 രൂപ യാത്രാബത്ത. പ്രതിമാസം 45,000 രൂപ കോണ്‍സ്റ്റിറ്റ്വൻസി അലവൻസും സ്റ്റേഷനറി, തപാല്‍ എന്നിവയ്ക്കായി 15,000 രൂപയും ഉള്‍പ്പെടെ 45,000 രൂപ ഓഫീസ് ചെലവ് അലവൻസും ലഭിക്കും.
കുടുംബത്തിന് വൈദ്യസഹായം, ഔദ്യോഗിക ചുമതലകള്‍ക്കുള്ള യാത്രാ തിരിച്ചടവ്, വാടകയില്ലാതെ വസതി എന്നിവയും ലഭിക്കുന്നു. സ്വന്തം യാത്രയ്ക്കും അടുത്ത കുടുംബാംഗങ്ങളുടെ യാത്രയ്ക്കും വർഷത്തില്‍ 34 സൗജന്യആഭ്യന്തവിമാനയാത്ര. ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയും ലഭിക്കുന്നു. അഞ്ചുവർഷ കാലയളവില്‍ പ്രധാന പ്രദേശങ്ങളില്‍ വാടക രഹിത താമസസൗകര്യം, ഔദ്യോഗിക വസതിയില്‍ താമസിക്കുന്നില്ലെന്ന് തീരുമാനിക്കുന്നവർക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവൻസ്, പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോണ്‍ കോളുകള്‍ എന്നിവയും എംപിമാർക്ക് അനുവദിച്ചിട്ടുണ്ട്.
Post a Comment