കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിച്ചു

കൊട്ടിയൂർ: ഇരുപത്തിയെട്ടു ദിവസം നീണ്ടുനിന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം തിങ്കളാഴ്ച നടന്ന തൃക്കലശാട്ടത്തോടെ സമാപിച്ചു.
രാവിലെ വാകച്ചാർത്തോടെയാണു ഉത്സവസമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. തേങ്ങാമുറികളിലേക്ക് നാളം പകർന്നശേഷം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ചു.

കലശാഭിഷേകത്തിന് മുന്പേ മുളന്തണ്ടുകളും ഞെട്ടിപ്പനയോലയും കൊണ്ട് നിർമിച്ച ശ്രീകോവിലിന്‍റെ തൂണുകള്‍ പിഴുതെടുത്ത് തിരുവഞ്ചിറയില്‍ നിക്ഷേപിച്ചതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശമണ്ഡപത്തില്‍ പൂജിച്ചുവച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച്‌ പ്രധാന തന്ത്രിമാരുടെ കാർമികത്വത്തില്‍ സ്വയംഭൂവില്‍ ആടി. 

മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും നടത്തി. പുഷ്പാഞ്ജലി കഴിഞ്ഞ് തീർഥവും പ്രസാദവും നല്‍കുന്നതോടൊപ്പം ആടിയ കളഭവും ഭക്തർക്ക് നല്‍കി. തുടർന്ന് കൂത്തരങ്ങില്‍ വച്ച്‌ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്തിനുള്ള ഏറ്റുവാങ്ങല്‍ നടത്തി. അതിനുശേഷം അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തുകയും ആചാര്യൻമാരില്‍ ഒരാള്‍ യാത്രാബലി നടത്തുകയും ചെയ്തു. 

യാത്രാബലിക്ക് മുന്പ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടങ്ങാളും ഒഴികെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിന് പുറത്തു കടന്നു. തുടർന്ന് മുതിരേരി ക്ഷേത്രത്തിലെ വാള്‍ തിരിച്ചെഴുന്നള്ളിച്ചു. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്കും തിരിച്ചും എഴുന്നള്ളിച്ചു. 

ദേവി, ദേവ വിഗ്രഹങ്ങള്‍ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചതോടെ വൈശാഖ മഹോത്സവം സമാപിച്ചു. അക്കരെ സന്നിധിയിലെ കയ്യാലകളും മറ്റു നിർമാണങ്ങളും ഉത്സവം തീർന്നതോടെ പ്രകൃതിയില്‍ ലയിച്ചുചേരും. ഇനി അടുത്ത വർഷം വൈശാഖ മഹോത്സവത്തില്‍ മാത്രമാണ് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുണ്ടാകുക.

Post a Comment

Previous Post Next Post