കണ്ണൂർ: എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. തലശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നിവിടങ്ങളില്‍ പോലീസ് പ്രത്യേക പരിശോധന നടത്തും.
തലശേരി എഎസ്പി കെ.എസ്. ഷഹൻഷാ, ഇൻസ്പെക്ടർ ബിജു ആന്‍റണി, എസ്‌ഐ നിഖില്‍ എന്നിവരുടെ നേതൃത്വത്തിന്‍റെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്തു വരികയാണ്. ബോംബ് എവിടെനിന്നാണ് എത്തിയതെന്നാണ് അന്വേഷിക്കുന്നത്. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ സ്ഫോടനം നടന്ന പ്രദേശം മുഴുവൻ പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. കണ്ണൂരില്‍ ബോംബ് സ്ഫോടനങ്ങള്‍ വ്യാപകമാകുമ്ബോഴും പോലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷം ആരോപിച്ചു.
എരഞ്ഞോളി കുടക്കളത്ത് ആള്‍താമസമില്ലാത്ത വീട്ടുപറമ്ബില്‍നിന്നു തേങ്ങ പെറുക്കുന്നതിനിടെയാണ് ബോംബ് പൊട്ടി വയോധികൻ മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തല്‍ വീട്ടില്‍ വേലായുധൻ (75) ആണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണു സംഭവം.
തേങ്ങ പെറുക്കുന്നതിനിടെ പറമ്ബില്‍നിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലില്‍ ഇടിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വേലായുധന്‍റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്‍റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്ബിലാണു സ്ഫോടനമുണ്ടായത്.
ശബ്ദം കേട്ട് ഉടൻ സ്ഥലത്തെത്തിയ പരിസരവാസികള്‍ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
Post a Comment