മഴക്കെടുതി: മലയോരത്ത് വ്യാപക നാശനഷ്ടം


ഇരിട്ടി: മലയോരത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. റോഡുകളില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മിക്കയിടങ്ങളിലും യാത്രാ ക്ലേശം രൂക്ഷമായി.

വണ്ണായിക്കടവ് പാലം രാത്രി അല്‍പ്പം കരകവിഞ്ഞു. മടമ്ബത്തും ചമതച്ചാലിലും വെള്ളം ഉയരുകയാണ്. ശ്രീകണ്ഠപുരം കോട്ടൂർ പുഴയിയിലും വെള്ളം ഉയർന്നു തുടങ്ങി. 

ചെങ്ങളായി പുഴയിലും പരിപ്പായി, പൊടിക്കളം, കൈതപ്രം, അലക്സ് നഗർ, കാഞ്ഞിലേരി, ബാലങ്കരി, തുമ്ബേനി ഭാഗത്തും വെള്ളമുയരുന്നുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകിയും മുറിഞ്ഞും വീണു. പയ്യാവൂർ, ഏരുവേശി, ചെങ്ങളായി പഞ്ചായത്തുകളിലായി മരം വീണ് ആറ് വീടുകള്‍ക്ക് നാശം സംഭവിച്ചു. കാറ്റിലും മഴയിലും പൂപ്പറമ്ബിലെ ഡെയ്‌സി കൊച്ചേടത്തുകുന്നേലിന്‍റെ വീടിന് മുകളില്‍ മരം വീണു. ഏരുവേശിയില്‍ റോഡിന് കുറുകെ കാറ്റില്‍ വീണ തെങ്ങ് നാട്ടുകാർ മുറിച്ച്‌ മാറ്റി. ചെമ്ബേരി ആലക്കോട് റോഡിലും പലയിടത്തും മരകൊമ്ബുകള്‍ മുറിഞ്ഞുവീണു.
ഇരിക്കൂർ ആയുർവേദ ആശുപത്രിക്ക് മുകളില്‍ മരംവീണു. കർണാടക ഉള്‍വനത്തിലും ഇന്നലെ രാവിലെ മുതല്‍ കനത്തമഴ തുടരുകയാണ്. ഇതോടെ വഞ്ചിയം ഭാഗത്തുള്ളവരും മറ്റു ഭാഗങ്ങളിലുള്ള വരും കനത്ത ജാഗ്രതയിലാണ്. പുഴയോരത്തുള്ളവരോട് സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറി താമസിക്കാൻ അധികൃതർ നിർദേശം നല്കി. 

ചെറുപുഴ: കനത്ത മഴയില്‍ മതിലും വീടിന്‍റെ മുറ്റവും ചുറ്റുമതിലും തകർന്നു. തിരുമേനി താന്നിച്ചാല്‍ വളപ്പുകണ്ടം പട്ടികവർഗ സങ്കേതത്തിലെ കെ.കെ. ജെയ്മോന്‍റെ വീട്ടുമുറ്റമാണ് കഴിഞ്ഞ ദിവസ മുണ്ടായ കനത്ത മഴയില്‍ തകർന്നു വീണത്. മുറ്റം ഇടിഞ്ഞത് വീടിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി. 

ചെറുപുഴ പെരുങ്കുടല്‍ ഹില്‍ടോപ്പ് കടവ് റോഡില്‍ ഈട്ടിക്കല്‍ രാജന്‍റെ വീടിന്‍റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകർന്ന് വീണു. ചുറ്റുമതില്‍ തകർന്ന് തൊട്ടടുത്ത താമസക്കാരനായ ചങ്ങലവളപ്പില്‍ സന്തോഷിന്‍റെ വീട്ടുപറന്പിലേയ്ക്കാണ് വീണത്. 20 മീറ്റർ നീളത്തില്‍ മതില്‍ തകർന്ന് വീണു. സന്തോഷിന്‍റെ വീടിന്‍റെ ഭിത്തിയില്‍ തട്ടിയാണ് കല്ലും മണ്ണും നില്‍ക്കുന്നത്.

Post a Comment

Previous Post Next Post