മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ശരീര സംരക്ഷണങ്ങള്‍ അറിയാം

മഴക്കാലത്ത് ശരീരപേശികളിലും സന്ധികളിലും മറ്റും വേദന, നീർക്കെട്ട്, തരിപ്പ് മുതലായ പ്രയാസങ്ങള്‍ ഉണ്ടാകാനും അധികമാകാനും സാധ്യതയുണ്ട്.
കഴിയുന്നത്ര മഴ കൊള്ളാതെ സ്വയംകരുതല്‍ എടുക്കുക. ചൂടുള്ള ആഹാരം കഴിക്കുക. കുളി ചൂടുവെള്ളത്തിലാകാം.

സന്ധിവേദനകളെ നിയന്ത്രിക്കുന്നതിന് ശരീരം ചൂടാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരം ചൂടായിരിക്കുമ്ബോള്‍ രക്തചംക്രമണം വര്‍ധിക്കുകയും സന്ധിവേദന കുറയുകയും ചെയ്യും. ചൂട് വെള്ളത്തിലെ കുളി, ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിച്ച്‌ സന്ധികള്‍ക്ക് ചൂട് പിടിപ്പിക്കല്‍, ചൂട് പകരുന്ന വസ്ത്രങ്ങള്‍ എന്നിവ സഹായകമാണ്.

മഴക്കാലത്ത് ശരീരബലം കുറയും. മിതമായ രീതിയിലുള്ള വ്യായാമമുറകള്‍ ശീലിക്കുന്നതാണ് അഭികാമ്യം. പ്രാണായാമം, യോഗ, ധ്യാനം മുതലായവ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ വിശ്രാന്തി നല്‍കും.

മഴക്കാലം പനിക്കാലത്തിനു വഴിയൊരുക്കാം. ഷഡംഗം ചൂർണം പോലെയുള്ള മരുന്നുകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ കുടിക്കുന്നത് പകർച്ചപ്പനിക്ക് പ്രതിരോധം നല്‍കാൻ ഉപകരിക്കും.

നീര്‍ക്കെട്ട് കുറയ്‌ക്കുന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കാനും ശ്രദ്ധിക്കണം. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം സഹായകമാണ്. നട്സ്, അവക്കാഡോ, വിത്തുകള്‍, കടല്‍ മത്സ്യം, ബെറിപഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍ എന്നിവ ദിവസവും കഴിക്കണം. മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

കാലുകളാണ് മഴക്കാലത്ത് സവിശേഷ ശ്രദ്ധ അർഹിക്കുന്നത്. കുളി കഴിഞ്ഞാല്‍, അല്ലെങ്കില്‍ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാല്‍ കാലുകളുടെ വിരലുകളുടെ ഇടയില്‍ നിന്ന് ഈർപ്പം തുടച്ചുമാറ്റുക.

കുഴിനഖം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാൻ പെഡിക്യൂർ ചെയ്യുന്നതും നെയില്‍ പോളിഷിടുന്നതും നല്ലതാണ്. പെഡിക്യൂർ ചെയ്യുമ്ബോള്‍ പ്രഷർ പോയിന്റുകളില്‍ മസാജ് നല്‍കുന്നതു കൊണ്ട് കാലുവേദന അകലും.

Post a Comment

Previous Post Next Post