പാമ്പൻ പാലം: മലയാളി യുവതി ട്രെയിനില്‍നിന്ന് ചാടി പരിക്കേറ്റു

 


രാമേശ്വരം : രാമേശ്വരത്തെ പാമ്പൻ പാലത്തില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ട്രെയിനില്‍ നിന്ന് ചാടിയ രണ്ടുപേർക്ക് പിന്നാലെ അന്വേഷണം തുടരുന്നു.

ശനിയാഴ്ച രാത്രി ഒരു യുവാവ് കടലിലേക്ക് ചാടിയതിന് പിന്നാലെ ഞായറാഴ്ച രാവിലെ മലയാളി യുവതി ട്രെയിനില്‍നിന്ന് ചാടി പരിക്കേറ്റു. രണ്ടുപേരുടെയും സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോയ പാസഞ്ചർ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവാവാണ് ആദ്യം ചാടിയത്. ട്രെയിൻ പാമ്പൻ റെയില്‍പാലത്തില്‍ കടലിന് നടുവിലൂടെയുള്ള ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വിവരം കിട്ടിയ ഉടൻ റെയില്‍വേ പൊലീസ് തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.പിന്നീട് ഞായറാഴ്ച രാവിലെ പാമ്പനിലെ മുല്ലിമുനൈക്ക് സമീപം യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു.


തുടർന്ന് മറൈൻ പൊലീസ് എത്തി മൃതദേഹം വീണ്ടെടുത്തു. മരിച്ചയാളുടെ പേരും സ്വദേശവും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം നിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന മലയാളി യുവതിയാണ് പാമ്പൻ റെയില്‍പാലത്തില്‍ നിന്ന് ചാടിയത്. പാലക്കാട് മുണ്ടൂർ സ്വദേശി ശിഫാനയാണ് ട്രെയിനില്‍നിന്ന് ചാടിയത്.


ട്രെയിൻ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.കടലിലേക്ക് വീഴാതെ പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചതിനാല്‍ യുവതിക്ക് ഗുരുതര പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ റെയില്‍വേ പൊലീസ് അവരെ രക്ഷപ്പെടുത്തി രാമനാഥപുരം സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായാണ് വിവരം.രക്ഷപ്പെടുത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നതിനാല്‍ യുവതിയുടെ പേര് ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായിരുന്നില്ല. യുവതി എന്തിനാണ് ട്രെയിനില്‍നിന്ന് ചാടിയതെന്നത് വ്യക്തമല്ല. സംഭവങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ രാമനാഥപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post