സംസ്ഥാനത്ത് അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൊതുകുകള്‍ പെരുകുന്നു. ഇതുമൂലം ഡെങ്കിപ്പനി വലിയ തോതിലാണ് പടര്‍ന്നുപിടിക്കുന്നത്. സാധാരണ ഗതിയില്‍ ഓഗസ്റ്റ് മാസത്തോടെ കുറയാറുള്ള രോഗബാധ, ഇത്തവണ ഇടവിട്ടു പെയ്യുന്ന മഴ മൂലം ഒക്ടോബറിലും തീവ്രമായി തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 1504 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായതിനേക്കാള്‍ ഇരട്ടിയിലധികം കേസുകളാണ് ഇത്തവണ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. കൂടാതെ 3767 പേര്‍ക്ക് രോഗം സംശയിക്കുന്നതായും ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ഒക്ടോബറില്‍ 655 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രതിദിനം ശരാശരി 15 മുതല്‍ 20 വരെ ആളുകളാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികില്‍സ തേടുന്നത്. ഈ വര്‍ഷം ഇതുവരെ ആകെ 13,108 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44 പേര്‍ മരണത്തിന് കീഴടങ്ങി.
വീട്ടുപറമ്പുകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പകല്‍ സമയങ്ങളില്‍ കടിക്കുന്ന കൊതുകുകളാണ് ഡെങ്കി പരത്തുന്നത് എന്നതിനാല്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
Post a Comment