ഇന്ത്യൻ സ്മാർട്ട്‌ഫോണ്‍ വിപണിയില്‍ വിലവർധന തുടരുന്നതിനിടെ, പ്രമുഖ ആഭ്യന്തര ബ്രാൻഡായ ലാവയും ഫോണുകളുടെ വില കൂട്ടാനൊരുങ്ങുന്നു.
നവംബർ 15 മുതല്‍ ലാവയുടെ വിവിധ സ്മാർട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് 3,000 രൂപ വരെ വില വർധിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ആഗോളതലത്തില്‍ രൂക്ഷമായി തുടരുന്ന മെമ്മറി ചിപ്പ് പ്രതിസന്ധിയാണ് സ്മാർട്ട്‌ഫോണ്‍ വിപണിയിലെ ഈ പെട്ടെന്നുള്ള വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മിക്ക സ്മാർട്ട്‌ഫോണ്‍ കമ്പനികളും മുൻകൂട്ടി അറിയിപ്പില്ലാതെ വില വർധിപ്പിക്കാറാണ് പതിവെങ്കിലും ലാവ ഉപഭോക്താക്കള്‍ക്ക് 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഓരോ മോഡലിനും എത്ര രൂപ വീതം കൂടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, നവംബർ 15-ന് മുൻപ് വാങ്ങുന്നവർക്ക് നിലവിലെ കുറഞ്ഞ നിരക്കില്‍ ഫോണ്‍ സ്വന്തമാക്കാൻ സാധിക്കും. നിലവില്‍ തുടരുന്ന ഉത്സവകാല ഓഫറുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ സാമ്പത്തിക ലാഭത്തില്‍ ഫോണ്‍ അപ്ഗ്രേഡ് ചെയ്യാനാകുമെന്നും കമ്പനി ഓർമ്മിപ്പിച്ചു.
മെമ്മറി ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വൻകിട കമ്പനികളായ സാംസങും ആപ്പിളും ഇന്ത്യയില്‍ നേരത്തെ തന്നെ വില വർധിപ്പിച്ചിരുന്നു. സാംസങിന്റെ ഗാലക്‌സി എസ്26 സീരീസിന് മോഡലുകള്‍ക്കനുസരിച്ച് 15,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് വർധിച്ചത്. അടിസ്ഥാന മോഡലായ എസ്26-ന്റെ (256GB) വില 87,999 രൂപയില്‍ നിന്ന് 1,02,999 രൂപയായി ഉയർന്നപ്പോള്‍, 1TB സ്റ്റോറേജുള്ള എസ്26 അള്‍ട്രയ്ക്കാണ് 25,000 രൂപയുടെ ഏറ്റവും വലിയ വിലവർധനവുണ്ടായത്.
Post a Comment