കർണാടകയില്‍ ആറ് വർഷം മുൻപ് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുകയും ചെയ്ത 35-കാരിയെ ആണ് ജീവനോടെ കണ്ടെത്തിയത്.
മണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലുള്ള മായിഗോനഹള്ളിയില്‍ രണ്ടാം ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന പാണ്ഡവപുര സ്വദേശി എൻ. മഞ്ജുവിനെയാണ് പൊലീസ് കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടെന്ന പിതാവിന്റെ പരാതിയില്‍ നിരപരാധിയായ യുവാവ് 30 മാസത്തോളം ജയില്‍വാസം അനുഭവിച്ച ശേഷമാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പാണ്ഡവപുര രാഗിമുദ്ദനഹള്ളി സ്വദേശിയായ രാജേഷ് ആണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചത്.
ആദ്യ വിവാഹത്തില്‍ താൻ സന്തുഷ്ടയായിരുന്നില്ലെന്നും അതിനാലാണ് ചാമരാജനഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. ഒരു വർഷത്തോളം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ശേഷം പിന്നീട് മായിഗോനഹള്ളിയിലേക്ക് താമസം മാറുകയായിരുന്നു. പിതാവ് പോലീസില്‍ പരാതി നല്‍കിയ വിവരം അറിഞ്ഞിരുന്നില്ലെന്നും കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട രാജേഷുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇക്കാര്യത്തില്‍ മൊഴി നല്‍കാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കി.
പാണ്ഡവപുര സ്വദേശി നാഗരാജുവിന്റെ മകളായ മഞ്ജുവിനെ ശ്രീരംഗപട്ടണം താലൂക്കിലെ നീലനകൊപ്പലു ഗ്രാമവാസിയായ മഞ്ജുനാഥാണ് വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. 2019-ല്‍ അസുഖബാധിതയായതിനെ തുടർന്ന് ചികിത്സയ്ക്കായി മഞ്ജു പിതാവിന്റെ വീട്ടിലെത്തി. സെക്യൂരിറ്റി ജീവനക്കാരനായ നാഗരാജു ജോലിക്ക് പോയ സമയത്ത് 2019 ജൂണ്‍ 23-നാണ് മഞ്ജുവിനെ കാണാതായത്. തുടർന്ന് ജൂലൈ മൂന്നിന് നാഗരാജു പാണ്ഡവപുര പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍ 2021-ല്‍ രാജേഷ് തന്റെ മകളെ കാവേരി നദിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാഗരാജു പൊലീസില്‍ പുതിയ പരാതി നല്‍കി. മഞ്ജുവും രാജേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്നും, മറ്റൊരു യുവതിയുമായി രാജേഷിന്റെ വിവാഹനിശ്ചയം നടന്നതിനെ മഞ്ജു എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണം. ഇതോടെ തിരോധാന കേസ് കൊലപാതക കേസായി മാറുകയും പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയുമായിരുന്നു. രണ്ടര വർഷത്തെ ജയില്‍വാസത്തിന് ശേഷം അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ, തന്റെ നിരപരാധിയായ മകനെ കള്ളക്കേസില്‍ കുടുക്കിയ പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് രമേശ് ബിന്ദിഗനവിലെ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് മഞ്ജുവിനെ വനിതാ-ശിശുവികസന വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വ്യാഴാഴ്ച രാജേഷും പിതാവ് രമേശും മണ്ഡ്യ ജില്ലാ പൊലീസ് മേധാവി വി.ജെ. ശോഭറാണിയെ നേരില്‍ കണ്ട് നീതി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതൊരു അപൂർവമായ കേസാണെന്നും, യുവതി ജീവിച്ചിരിക്കെ പിതാവ് നല്‍കിയ കൊലപാതക പരാതിയില്‍ യുവാവ് 30 മാസം ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകളെക്കുറിച്ചും ശ്രീരംഗപട്ടണം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും എസ്.പി വ്യക്തമാക്കി.

Post a Comment