കൊച്ചി: സ്കൂളില്‍ അധ്യാപികയായി ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 25.5 പവൻ സ്വർണം കൈക്കലാക്കി കബളിപ്പിച്ച കേസില്‍ 46കാരി അറസ്റ്റില്‍.
മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടില്‍ ധന്യയെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.
ചെട്ടിക്കാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. 2024 മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ധന്യ യുവതിയില്‍നിന്ന് സ്വർണം വാങ്ങിയത്. എന്നാല്‍ സ്വർണം കൈപ്പറ്റിയശേഷം ജോലി വാങ്ങിനല്‍കുകയോ സ്വർണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.
നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളില്‍ ധന്യ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment