പാമ്പാടിയിൽ സ്കൂട്ടർ യാത്രികരായ വിദ്യാർഥിനികൾ മരിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ കേസ്; റോഡിൽ നിന്നവർക്കെതിരെയും അന്വേഷണം



കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് വിദ്യാർഥിനികൾ മരിച്ച ദാരുണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. അപകടത്തിന് വഴിവെച്ചെന്ന പ്രാഥമിക നിഗമനത്തെത്തുടർന്ന്, റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ട് കാൽനടയാത്രക്കാർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റോഡരികിൽ നിന്നവർ അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിനിന്നതാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാൽനടയാത്രക്കാരുടെ അശ്രദ്ധ അപകടത്തിന് കാരണമായാൽ ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) 125, 106 എന്നീ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. പൊതുഗതാഗത തടസ്സവും സുരക്ഷാഭീഷണിയും കണക്കിലെടുത്ത് പോലീസിന് ഇവർക്കെതിരെ കേസെടുക്കാം. എന്നാൽ ഇവരെ കേസിൽ പ്രതിചേർക്കണോ എന്നതിൽ വിശദമായ അന്വേഷണത്തിന് ശേഷമേ തീരുമാനമുണ്ടാകൂ. വാഹനങ്ങളുടെ നിയമലംഘനങ്ങളിൽ മാത്രമേ മോട്ടോർ വാഹന വകുപ്പിന് നേരിട്ട് നടപടിയെടുക്കാൻ സാധിക്കൂ.

അപകടസമയത്ത് സ്വകാര്യ ബസ് അമിതവേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഒപ്പമുണ്ടായിരുന്നതിനാൽ ഇവ തമ്മിൽ മത്സരയോട്ടം നടന്നിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കോട്ടയം-കുമളി ദേശീയപാതയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റോഡിൽവെച്ച് സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് സ്വകാര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു. പാമ്പാടി കടവുംഭാഗം ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ മെറിൻ കുര്യാക്കോസ്, സുഹൃത്തായ മീനടം വട്ടക്കാവുങ്കൽ വി.വി. തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Post a Comment

Previous Post Next Post