തളിപ്പറമ്പിൽ റെസ്റ്റോറന്റിൽ തീപിടിത്തം; അണയ്ക്കാത്ത അൽഫാം അടുപ്പിൽ നിന്ന് തീ പടർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



തളിപ്പറമ്പ്: ദേശീയപാതയോരത്തെ റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ നിന്നും തളിപ്പറമ്പ് നഗരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷോപ്രിക്സ് സൂപ്പർമാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന 'പേരക്ക' റെസ്റ്റോറന്റിലാണ് ഇന്ന് പുലർച്ചെ 12.45-ഓടെ തീപിടിത്തമുണ്ടായത്. രാത്രി കടയടച്ചപ്പോൾ അൽഫാം തയ്യാറാക്കുന്ന അടുപ്പിലെ കനൽ പൂർണ്ണമായും അണയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അടുപ്പിൽ നിന്നും ഉയർന്ന തീപ്പൊരി സമീപത്തെ ഫ്ലെക്സ് ബോർഡിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. മുകളിലേക്ക് തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ടത് സമീപത്തെ തിയേറ്ററിന് മുന്നിൽ റോഡ് നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ്. ഇവർ ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും, സർവീസ് വയറുകൾ ഉരുകി ഷോർട്ട് സർക്യൂട്ട് ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് സേന തീയണച്ചത്. റെസ്റ്റോറന്റിലെ ചിമ്മിനിയിലേക്കും ഫ്ലെക്സ് ബോർഡിലേക്കും പടർന്ന തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. കത്തുന്ന അടുപ്പിന് തൊട്ടടുത്ത് സൂക്ഷിച്ചിരുന്ന 3 പാചകവാതക സിലിണ്ടറുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അതിവേഗം പുറത്തേക്ക് മാറ്റിയതിനാൽ വൻ സ്ഫോടനവും വൻ നാശനഷ്ടങ്ങളും ഒഴിവായി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. സുനിൽകുമാർ, സി.കെ. ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതിനാലും തലേന്ന് പെയ്ത ശക്തമായ മഴ കാരണം തണുത്ത അന്തരീക്ഷമായതിനാലും തീ കൂടുതൽ ഭാഗങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കാതിരുന്നത് വലിയ ആശ്വാസമായി.


Post a Comment

Previous Post Next Post