പ്രവാസികള്‍ ജാഗ്രത പാലിക്കണം; ഇന്നും നാളെയും സാഹചര്യം മാറിമറിയും, മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം


അബുദാബി: യുഎഇയിലെ അല്‍ഐൻ, ഹത്ത, കല്‍ബ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴവർഷവും. അബുദാബി - അല്‍ഐൻ റോഡിലെ അല്‍ സാദ്, ഹത്തയ്‌ക്ക് കിഴക്ക് മുസൈറ, കല്‍ബ റോഡിലെ വാദി അല്‍ ഹിലോ, റാസല്‍ഖൈമയിലെ ഷൗക്ക എന്നിവിടങ്ങളില്‍ ഇന്നലെ മഴ പെയ്‌തു.രാജ്യത്തിന്റെ കിഴക്കൻ മേഖലകളില്‍ ഇന്നും മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ സമയങ്ങളില്‍ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെള്ളം കവിഞ്ഞൊഴുകുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ പ്രദേശങ്ങളില്‍ പ്രവേശിക്കരുതെന്നും അബുദാബി പൊലീസ് നിർദേശിച്ചു. ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ തീരദേശ, ഉള്‍നാടൻ മേഖലകളില്‍ ഈർപ്പം കൂടുന്നതിനാല്‍ മൂടല്‍മഞ്ഞിനും സാദ്ധ്യതയുണ്ട്.
അതേസമയം, ലിവയില്‍ 40 ഡിഗ്രിയും അല്‍ഐനില്‍ 39 ഡിഗ്രിയും അബുദാബിയില്‍ 37 ഡിഗ്രിയും ദുബായില്‍ 36 ഡിഗ്രിയും വരെ ചൂട് ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വാഹനമോടിക്കുന്നവർ മഴ പെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിച്ച്‌ വീഡിയോകള്‍ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post