കുട്ടികള്‍ക്കുള്ള വിറ്റാമിൻ എയും വാക്സിനും കിട്ടാനില്ല; സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം

 


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്നുകളും വാക്സിനുകളും ലഭ്യമല്ലാത്തത് ആശങ്കയാകുന്നു.അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നല്‍കേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം പൂർണമായും നിലച്ച അവസ്ഥയിലാണ്. കുട്ടികള്‍ക്കുള്ള വാക്സിനും ആശുപത്രികളില്‍ സ്റ്റോക്കില്ല. അതേസമയം, സ്റ്റോക്ക് തീർന്ന 28 മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.


പഞ്ഞി മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വരെ ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴും മരുന്നുക്ഷാമം പരിഹരിക്കുന്നതിനുള്ള വ്യക്തമായ നടപടികളെക്കുറിച്ച്‌ ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ല. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ക്കായുള്ള ടെൻഡർ നടപടികള്‍ കെ.എം.എസ്.സി.എല്‍ ഇന്നലെ ചേർന്ന അടിയന്തര യോഗത്തില്‍ പൂർത്തിയാക്കി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പ്രാദേശികമായി വാങ്ങല്‍ നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 28 മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തിക്കാനാണ് ശ്രമം.


കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുട്ടികള്‍ക്കുള്ള മരുന്നുകളുടെ ക്ഷാമം നേരിടുന്നതായി മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ഇതിനിടെ പനി ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികള്‍ ബാധിച്ച്‌ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മരുന്നുകള്‍ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കില്‍ ആശുപത്രികളിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആശങ്ക. മരുന്നുക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ പ്രതികരണവും ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post