കോഴിക്കോട്: ചിക്കൻ ബിരിയാണിയില്‍ കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപത്തെ ഹോട്ടല്‍ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്.
വെങ്ങാലി സ്വദേശി റെനീഷിന്റെ പരാതിയില്‍ കോർപ്പറേഷൻ റെസ്റ്ററന്റിന് നോട്ടീസ് നല്‍കി. സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസമാണ് റെനീഷ് സാഗർ ഹോട്ടലില്‍ നിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുന്നതിനിടെയാണ് ഇറച്ചിയില്‍ കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ റെനീഷ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും റെസ്റ്ററന്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ 'ഇതൊരു വലിയ സംഭവമാക്കേണ്ട' എന്ന് പറഞ്ഞ് ഹോട്ടല്‍ അധികൃതർ വിഷയം നിസാരവത്കരിച്ചെന്നാണ് റെനീഷിന്റെ ആരോപണം.
'നിങ്ങള്‍ക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ' എന്ന് ഹോട്ടല്‍ അധികൃതർ പറഞ്ഞതോടെ റെനീഷ് ബിരിയാണിയുമായി ഹോട്ടലിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാല് മണിക്കൂറോളം ഹോട്ടലിന്റെ വാതില്‍പ്പടിയില്‍ ബിരിയാണിയുമായി ഇരുന്നായിരുന്നു പ്രതിഷേധം.
Post a Comment