കണ്ണൂർ: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് വീട്ടുകാർ വാങ്ങിവെച്ചതിന്റെ പരിഭവം ഒരു കുറിപ്പില്‍ ഒതുക്കി വീടുവിട്ടിറങ്ങിയ പ്ലസ് ടു വിദ്യാർഥിക്കായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്.ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥിയും കരിയാട് പുളിയനമ്പ്രം ശിവപ്രിയത്തില്‍ ശിവസൂര്യയെ (17) കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടർന്ന് നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എട്ടംഗ അന്വേഷണ സംഘം
തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണച്ചുമതല. എട്ടംഗങ്ങള്‍ അടങ്ങുന്നതാണ് ഈ പ്രത്യേക സംഘം. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും ശിവസൂര്യ എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.
അന്വേഷണം വാരണാസി കേന്ദ്രീകരിച്ച്
ഓഗസ്റ്റ് എട്ടിനാണ് വിദ്യാർഥിയെ കാണാതായത്. താൻ കാശിയിലേക്ക് പോവുകയാണെന്നും ശിഷ്ടകാലം അവിടെ ദൈവത്തില്‍ അലിഞ്ഞു ജീവിക്കുമെന്നുമുള്ള ഒരു കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാരണാസി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ തീർഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
Post a Comment