കണ്ണൂർ പയ്യന്നൂരില്‍ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കി. കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം
കണ്ണൂർ പയ്യന്നൂരില്‍ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കി. കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം അന്ന് നിലവിലുണ്ടായിരുന്നില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിന് ഇതുസംബന്ധിച്ച നിർദേശം പൊലീസ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അനസ്തീഷ്യ നല്‍കിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇവർ മൂന്നുപേരുടെയും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയില്‍ വെച്ച് അനസ്തീഷ്യ നല്‍കിയതോടെ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോർഡ് പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം, തങ്ങളുടെ ഭാഗത്ത് യാതൊരുവിധ ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ആശുപത്രി അധികൃതർ.
Post a Comment