ആലക്കോട്: കേരള-കർണാടക അതിർത്തി പ്രദേശങ്ങളായ മാമ്പൊയിൽ, ചീക്കാട് മേഖലകളിൽ ദിവസങ്ങളായി അറുതിയില്ലാതെ തുടരുന്ന കാട്ടാനക്കൂട്ടത്തിന്റെ അക്രമം വ്യാപക കൃഷിനാശം വിതയ്ക്കുന്നു. ആഴ്ചകളായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഭയന്ന് കർഷകർ ജീവിതം വഴിമുട്ടിയ നിലയിലാണ്. വീടുകൾക്ക് സമീപം വരെ ആനകൾ എത്തിയതോടെ രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത ഭീതിയിലാണ് പ്രദേശവാസികൾ. കാട്ടാനകൾ കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാനോ ജോലികൾ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
വ്യാപക കൃഷിനാശം; റബർ മിഷ്യൻപുര തകർത്തു
കർണാടക വനത്തിൽ നിന്നെത്തിയ ഒറ്റയാനാണ് നിലവിൽ പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ദിവസം മാമ്പൊയിലിലെ തുരുത്തേൽ ദേവസ്യയുടെ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാൻ അക്രമം അഴിച്ചുവിട്ടു.
കൃഷിയിടത്തിലെ റബർ മിഷ്യൻപുര പൂർണ്ണമായും തകർത്തു.
നിരവധി റബർ മരങ്ങളും വാഴകളും നശിപ്പിച്ചു.
ദേവസ്യയ്ക്ക് പുറമെ പ്രദേശത്തെ മറ്റ് നിരവധി കർഷകർക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വനംവകുപ്പിനെതിരെ കർഷക പ്രതിഷേധം
വന്യമൃഗശല്യം തടയാൻ അതിർത്തി മേഖലകളിൽ സ്ഥാപിച്ച തൂക്കുവേലികൾ പല ഭാഗത്തും തകരാറിലായി കിടക്കുകയാണ്. ഇത് കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ വനംവകുപ്പ് തയ്യാറാകാത്തതാണ് ആനകൾ ജനവാസ മേഖലയിലേക്ക് സുഗമമായി ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആനകളെ കാട്ടിലേക്ക് തുരത്താനോ, ജനങ്ങൾക്ക് സംരക്ഷണം നൽകാനോ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. വനംവകുപ്പിന്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ പ്രദേശത്തെ കർഷകരിൽ നിന്നും നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്
Post a Comment