ചീക്കാട് നമ്പ്യാർമലയിൽ വീണ്ടും കാട്ടാനവിളയാട്ടം; വ്യാപക കൃഷിനാശം, ജനങ്ങൾ ഭീതിയിൽ


ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതിനിടെ, ചീക്കാട് നമ്പ്യാർമലയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തി. നമ്പ്യാർമല സ്വദേശി വടക്കേവീട്ടിൽ സതീഷ് ഉൾപ്പെടെയുള്ള നിരവധി കർഷകരുടെ വിളവെടുപ്പിന് പാകമായ വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചീക്കാട് നമ്പ്യാർമല പ്രദേശമാകെ കാട്ടാനകളുടെ കടുത്ത അക്രമ ഭീതിയിലാണ്. രാത്രികാലങ്ങളിൽ മാത്രമല്ല, ഇപ്പോൾ പകൽസമയങ്ങളിലും കാട്ടാനകൾ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വീടുകളുടെ മുറ്റം വരെ ആനക്കൂട്ടം എത്തിയതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്. എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാം എന്ന അവസ്ഥയായതിനാൽ ജീവൻ നിലനിർത്താൻ ജനങ്ങൾ കാവലിരിക്കേണ്ട അവസ്ഥയാണ്.
തുടർച്ചയായി കാട്ടാന ആക്രമണവും കൃഷിനാശവും ഉണ്ടായിട്ടും വനംവകുപ്പ് അധികൃതരോ മറ്റ് ഉത്തരപ്പെട്ടവരോ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് കർഷകരും നാട്ടുകാരും വലിയ പ്രതിഷേധത്തോടെ പറയുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും, തങ്ങൾക്ക് സംഭവിച്ച കനത്ത കൃഷിനാശത്തിന് അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം. ഒപ്പം ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ ഉടൻ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post